കായികമേഖലയ്ക്ക് കോഴിക്കോട് ജില്ലയില്‍ 88 കോടിയുടെ പദ്ധതികള്‍; മേപ്പയൂര്‍ സ്റ്റേഡിയം ഡിസംബറില്‍ നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: കായികമേഖലയില്‍ ജില്ലയില്‍ നടപ്പാക്കുന്നത് 88 കോടിയുടെ പദ്ധതികള്‍. ചേവായൂരിലെ ഒളിമ്പ്യന്‍ റഹ്മാന് ജില്ലാ സ്റ്റേഡിയമടക്കം അഞ്ച് സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനാണ് കിഫ്ബിയിലൂടെ തുക അനുവദിച്ചത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും. മേപ്പയ്യൂര്‍ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി, വടകര നാരായണനഗരം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണിവ.
മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 5.74 ഏക്കറിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഇതിന്റെ സിവില്‍ നിര്‍മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തിയാക്കി. 10 കോടിയുടെ ഭരണാനുമതി ലഭിച്ചു. കിഫ്ബി അംഗീകാരവും 6.43 കോടിയുടെ സാങ്കേതികാനുമതിയുമുണ്ട്. സ്വാഭാവിക പുല്‍ത്തകിടിയോടുകൂടിയ സെവന്‍സ് ഗ്രൗണ്ട്, ആറ് ലൈനില്‍ 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, മൂന്ന് നിലകളോടെ മള്‍ട്ടി ജിം– ഇന്‍ഡോര്‍ ഗെയിംസ് കെട്ടിടം, ഔട്ട് ഡോര്‍ സിന്തറ്റിക് ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവയാണുണ്ടാകുക.
ചേവായൂരിലെ ജില്ലാ സ്റ്റേഡിയത്തിന് 60 കോടിയുടെ ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ചര്‍മ രോഗാശുപത്രി കോമ്പൗണ്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുക.
വടകര നാരായണനഗരം ഇന്‍ഡോര്‍ സ്റ്റേഡിയം വടകര നഗരസഭയുടെ അധീനതയിലുള്ള 5.5 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം. 32 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. സര്‍ക്കാരില്‍നിന്ന് 20 കോടിയുടെ ഭരണാനുമതിയുണ്ട്. 16.29 കോടിയുടെ കിഫ്ബി അംഗീകാരവും 16.12 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ചു.
നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ 75 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ 10.63 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്. 9.262 കോടിയുടെ കിഫ്ബി അംഗീകാരവും 9.24 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട് ഡോര്‍ സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട് എന്നിവയാണ് അക്കാദമിയില്‍ പണിതീര്‍ക്കുക.
തിരുവമ്പാടിയില്‍ സ്പോര്‍ട്സ് ഫെസിലിറ്റി സെന്ററിനുള്ള പദ്ധതിക്കും അംഗീകാരമുണ്ട്. മുക്കം മാമ്പറ്റ മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് നിര്‍മാണം. പദ്ധതിയുടെ റീ ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നു. 6.113 കോടിയുടെ കിഫ്ബി അംഗീകാരവും 6.04 കോടിയുടെ സാങ്കേതികാനുമതിയുമാണ് ലഭിച്ചത്.സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, ആറ് ലൈന്‍ 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഗ്യാലറി, വോളിബോള്‍ കോര്‍ട്ട് എന്നിവ പദ്ധതിയുടെ ഭാഗമാണ്.q