കാമുകന്‍ ഫോണ്‍ എടുത്തില്ല; കാമുകനെത്തേടി റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിന് നല്‍കിയത് എട്ടിന്റെ പണി
കോട്ടയം: കാമുകനെത്തേടി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ഒരുരാത്രി മുഴുവന്‍ യുവതി പൊലീസിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ: കാമുകന്‍ ആവശ്യപ്പെട്ടതുപ്രകാരം റെയില്‍വേ സ്റ്റേഷനിലെത്തി ഏറെ നേരം കാത്തിരുന്നിട്ടും കാമുകന്‍ എത്താതായതോടെ യുവതി ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കാതായതോടെ പരിഭ്രാന്തയായ യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയോട് തിരിച്ച് വീട്ടിലേക്ക് പോകാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫിന്റെ മുറിയിലേക്ക് ഓടിക്കയറി ഉള്ളില്‍ നിന്ന് കതക് പൂട്ടി.
ഇരുമ്പ് വാതിലായിരുന്നു മുറിയുടേത്. അതിനാല്‍ കതക് തുറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. മുറിയുടെ പുറത്തുനിന്നും പൊലീസ് യുവതിയെ അനുനയിപ്പിച്ചും ഒടുക്കം ഭീഷണിപ്പെടുത്തിയും നോക്കിയെങ്കിലും യുവതി വാതില്‍ തുറന്നില്ല. ഇതോടെ ശനിയാഴ്ച രാത്രി മുഴുവന്‍ പൊലീസ് മുറിയ്ക്ക് പുറത്ത് യുവതിയ്ക്ക് കാവല്‍ നില്‍ക്കേണ്ട അവസ്ഥ വന്നു.
ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ യുവതിയെ അനുനയിപ്പിച്ച് ജനലിനരികിലേക്ക് എത്തിച്ചു. യുവതിയുടെ കയ്യില്‍ പിടികിട്ടിയ ഉദ്യോഗസ്ഥന്‍ അവരെ അവിടെ തന്നെ പിടിച്ചുനിര്‍ത്തി. ഇതിനിടയില്‍ മറ്റൊരു സംഘം ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോക്ക് മാറ്റുകയായിരുന്നു. യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് കൊണ്ടുപോയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.