കാപ്പാട് കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു


കൊയിലാണ്ടി: ചേമഞ്ചേരിയിലെ കാപ്പാടില്‍ കടല്‍ക്ഷോഭമുള്ള സ്ഥലങ്ങള്‍ നിയുക്ത എംഎല്‍ എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. വരും ദിവസങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ആവശ്യമെങ്കില്‍ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് കാനത്തിൽ ജമീല പറഞ്ഞു.

അതേ സമയം മേഖലയില്‍ കടലാക്രമണം ശക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറക്കു സമീപത്താണ് കടല്‍ക്ഷോഭം രൂക്ഷമായത്. ഇന്ന് ഉച്ചയോടെ രൂപപ്പെട്ട കടല്‍ക്ഷോഭത്തില്‍ തീരത്തെ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. പ്രദേശത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി കടല്‍ പ്രക്ഷുദ്ധമാവാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വരും ദിവസങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാകാനാണ് സാധ്യത.