കാപ്പന് പാലാ സീറ്റ് നല്‍കില്ലെന്നറിയിച്ച് പിണറായി വിജയന്: പകരം കുട്ടനാട് നൽകാം; എൻസിപി പ്രതിസന്ധിയിൽ
തിരുവനന്തപുരം: പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് ഫോണിലൂടെയാണ് പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്. പാലാ സീറ്റില്‍ അവകാശവാദം ഉയര്‍ത്തിയ എന്‍സിപി എംഎല്‍എ മാണി സി കാപ്പന് കുട്ടനാട്ടില്‍ മത്സരിക്കാമെന്നും പിണറായി വിജയന് അറിയിച്ചു. ഇതോടെ എന്‍സിപി ഇടത് മുന്നണി വിടാനുള്ള സാധ്യതയേറി.
പാലാ സീറ്റ് സംബന്ധിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രഫുല്‍ പട്ടേല്‍ നേരത്തെ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് സമയം തേടിയിരുന്നുവെങ്കിലും സമയം അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇതോടെ മാണി സി കാപ്പനും പീതാംബരന് മാസ്റ്ററും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടികാഴ്ച്ച നിര്‍ണായകമാവും.
കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതില്‍ പാലാ സീറ്റ് തര്‍ക്കം ഏറെ കുറേ പരിഹരിക്കപ്പെട്ടുവെന്നായിരുന്നു സൂചന. എന്നാല്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഇനിയുള്ളത് നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും.
മാണി സി കാപ്പന് മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തുമെന്നാണ് സൂചന. രാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കും.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക