കാത്തിരിപ്പുകള്‍ക്ക് വിരാമം; കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് ‘മാക് ട്വിന്‍ ടവര്‍’ തുറന്നു, ഒന്നാം നിലയില്‍ ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തി മാക് മാള്‍


കോഴിക്കോട്‌: കാത്തിരിപ്പിനൊടുവിൽ മാവൂർ റോഡിലെ കെഎസ്‌ആർടിസി ബസ്‌ ടെർമിനലിലെ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ ‘മാക്‌ ട്വിൻ ടവർ’ തുറന്നു. വാണിജ്യകേന്ദ്രത്തിന്റെ താക്കോൽ മന്ത്രി ആന്റണി രാജു ആലിഫ് ബിൽഡേഴ്‌സ് ചെയർമാൻ കെ വി മൊയ്‌തീൻ കോയക്ക് കൈമാറി. എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തിയാണ്‌ ടെർമിനൽ വാണിജ്യാവശ്യങ്ങൾക്കായി കൈമാറിയത്‌.

ഒന്നാം നിലയിൽ ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയുള്ള മാക്‌ മാൾ ഒരുക്കും. വസ്‌ത്രശാല, മൊബൈൽ ഷോപ്പുകൾ, ഭക്ഷണശാല എന്നിവയുമുണ്ടാകും. ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പാർക്ക്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. രണ്ടു മാസത്തിനുള്ളിൽ മാളിന്റെ പ്രവർത്തനം സജ്ജമാക്കുകയാണ്‌ ലക്ഷ്യം.

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്‌, കലക്ടർ നരസിംഹുഗാരി ടി എൽ റെഡ്ഡി, കൗൺസിലർ പി ദിവാകരൻ, കെടിഡിഎഫ്‌സി ചെയർമാൻ ഡോ. ബി അശോക്‌, ജനറൽ മാനേജർ എസ്‌ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ സ്വാഗതം പറഞ്ഞു.