കാട്ടുമൃഗശല്യം കാരണം ജീവിതം വഴിമുട്ടി; ചക്കിട്ടപാറയില്‍ ഭിന്നശേഷിക്കാരനായ ജോണ്‍സന്‍ തെങ്ങിന്‍ ചുവട്ടില്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു


പേരാമ്പ്ര: കാട്ടുമൃഗ ശല്യം കാരണം ജിവിതം വഴിമുട്ടിയിരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയില്‍ മഠത്തിനകത്ത് എം.എ ജോണ്‍സന്‍ സ്വന്തം പുരയിടത്തിലെ തെങ്ങിന്‍ ചുവട്ടില്‍ ഒക്ടോബര്‍ എട്ട് മുതല്‍ നിരാഹാര സമരം ആരംഭിക്കുന്നു. 75 ശതമാനം ഭിന്ന ശേഷിക്കാരനായ ജോണ്‍സണും കുടുംബവും കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന ആദായം കൊണ്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കാട്ടുമൃഗ ശല്യം കാരണം ഇപ്പോള്‍ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്.

ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ തെങ്ങിന്‍ ചുവട്ടില്‍ സമരം ആരംഭിക്കുന്നത്. ഈ കാര്യം മുഖ്യമന്ത്രി, വനം മന്ത്രി, പേരാമ്പ്ര എം.എല്‍.എ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തപാല്‍ മാര്‍ഗം ജോണ്‍സണ്‍ അയച്ചു കൊടുത്തിട്ടുണ്ട്.

കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ:-

ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ പെട്ട വട്ടക്കയത്ത് ഭാര്യയും രണ്ടു മക്കളുമടങ്ങിയ എന്റെ കുടുംബം കാട്ടുമൃഗങ്ങളുംടെ ശല്യം കാരണം ജിവിതം വഴിമുട്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ സ്വന്തം തെങ്ങിന്റെ ചുവട്ടിലിരുന്നു 8/10/21 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ നിരാഹാര സമരമാരംഭിക്കുകയാണ്. ഈ സമരവുമായി ബന്ധപ്പെട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍(തേങ്ങ തലയില്‍ വീഴുകയോ, ഇതുമായി ബന്ധപ്പെട്ട് മറ്റ് ആരോഗ്യ പ്രശ്‌നം ഉണ്ടാവുകയോ ചെയ്താല്‍)അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വനം വകുപ്പിനും ഇതുമായി ബന്ധപ്പെട്ട അളുകള്‍ക്കുമാണ്.ഷുഗര്‍ പെട്ടെന്ന് താഴുകയും ഓക്‌സിസിജനും പൊട്ടാസ്യവും കുറയുന്ന രോഗവും എനിക്കുണ്ട്.

എന്റെ കുടുംബത്തിനു ഒന്നേകാല്‍ ഏക്കര്‍ കൃഷി സ്ഥലമാണുള്ളത്. അതിര് പുഴയും അതിനപ്പുറം വനവുമാണ്. വന്യമൃഗ ശല്യത്തിനെതിരെ ഞാന്‍ വളരെ കാലമായി എത്രയോ പരാതികള്‍ നല്‍കുകയും പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറെയും റേഞ്ചറെയും നേരിട്ട് കണ്ട് രേഖാമൂലം വിഷമങ്ങള്‍ അറിയിക്കുകയുമുണ്ടായി. ഇന്നേവരെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

ഈ സ്ഥലത്തു നിന്നു എനിക്കും എന്റെ കുടുംബത്തിനുംകഴിയാനുള്ള വരുമാനം മുമ്പ് ലഭിച്ചു പോന്നിരുന്നതാണ്. അഞ്ചാറു കൊല്ലമായി ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. 45 -50 ഓളം കായ്ഫലം ഉള്ള തെങ്ങുകള്‍ എനിക്ക് ഉണ്ട്. ഇപ്പോള്‍ അതില്‍ നിന്ന് തേങ്ങാ പറിക്കാറില്ല. കുരങ്ങ് കൂട്ടത്തോടെ വന്നു മച്ചിങ്ങ മുതല്‍ വെള്ളയ്ക്ക വരെയുള്ളത് പറിച്ച് കളയുന്നതിനാല്‍ തേങ്ങയോ അത്യാവശ്യത്തിനു ഒരു കരിക്ക് പോലും കിട്ടാത്ത അവസ്ഥയായി. അതുപോലെ മറ്റൊരു കൃഷിയും ചെയ്യുവാന്‍ പറ്റുന്നില്ല.

എനിക്ക് ഉണ്ടായിരിക്കുന്ന ഈ വന്‍ നഷ്ടത്തിന് ഫോറസ്റ്റ്കാരും വനം വകുപ്പും പൂര്‍ണ ഉത്തരവാദികള്‍ ആണ്. കൃഷി ആവശ്യത്തിനായി എടുത്ത കാര്‍ഷിക ലോണുകള്‍ വനംവകുപ്പ് ഏറ്റെടുക്കണം. അല്ലെങ്കില്‍ ഞാന്‍ എങ്ങനെ ഈ ലോണുകള്‍ തിരിച്ചടയ്ക്കുമെന്നു സര്‍ക്കാര്‍ പറയണം.

ഇന്ന് മുതല്‍ എന്റെ കുടുംബത്തിനു മുന്നോട്ടു ജീവിക്കാനുള്ള ചിലവ് വനം വകുപ്പ് വഹിക്കാതെ ഒരു നിര്‍വാഹവുമില്ല. എന്റെ ഈ നഷ്ടം പൂര്‍ണമായും വനം വകുപ്പില്‍ നിന്നു മുന്‍ കാല പ്രാബല്യത്തോടുകുടി നല്‍കുകയും ഇന്ന് മുതല്‍ എനിക്കും എന്റെ കുടുംബത്തിന്റെയും അവകാശപ്പെട്ടതും കൃത്യമായി നികുതി കൊടുത്ത് വരുന്നതുമായ ഭൂമിയില്‍ ഒരു വന്യമൃഗ – കാട്ടു ജീവി പോലും കടക്കാന്‍ പാടുള്ളതല്ലെന്നും അറിയിക്കുന്നു. കടന്നു കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന നഷ്ടങ്ങള്‍ക്കും എനിക്ക് ഉണ്ടാകുന്ന സാമ്പത്തികവും മാനസികവുമായ എല്ലാ നഷ്ടങ്ങള്‍ക്കും വനംവകുപ്പ് ഉത്തരവാദിയാണ്. അതിലൂടെയുള്ള എല്ലാ നഷ്ടങ്ങള്‍ക്കും അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഉടനെ വനാതിര്‍ത്തിയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ വനംവകുപ്പ് തന്നെ വെട്ടിമാറ്റുക.

അതോടൊപ്പം കോണ്‍ക്രീറ്റ് മതില്‍ പണിത് വന്യ മൃഗശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണം. ഈ വിഷയത്തില്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് താല്‍പ്പര്യപെടുന്നു.

ജോണ്‍സണ്‍ എം.എ