കാട്ടുപാതയിലൂടെയുള്ള യാത്രയ്ക്ക് അവസാനമാകും; ചക്കിട്ടപാറയിലെ തിമിരിപുഴ പാലം നിര്‍മ്മാണത്തിന് 8.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തിമിരിപുഴ പാലം നിര്‍മ്മിക്കാനായി 8.44 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പാലം യാഥാര്‍ത്ഥ്യമായാല്‍ പൂഴിത്തോട്-ചെമ്പനോട നിവാസികളുടെ കാട്ടുപാതയിലൂടെയുള്ള ദുര്‍ഘടമായ യാത്രയ്ക്ക് വിരാമമാകും.

നേരത്തേ 2020-2021 ലെ ബജറ്റില്‍ പാലത്തിനായി ആറ് കോടി രൂപ വകയിരുത്തിയിരുന്നു. അതിന്റെ 20 ശതമാനം തുകയായ 1.20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയാണ് 8.44 കോടി രൂപയെന്നും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പൂഴിത്തോട്-ചെമ്പനോട നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് തിമിരിപുഴ പാലം.

പാലം നിർമിക്കുന്നതോടെ കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ കൂവ്വപ്പൊയിലിലിൽനിന്ന് പന്നിക്കോട്ടൂർ വഴി ചെമ്പനോട റോഡിലേക്ക് വാഹനയാത്രയ്ക്ക് നല്ല വഴിയൊരുങ്ങും. പെരുവണ്ണാമൂഴി ടൗണിലെത്താതെത്തന്നെ ചെമ്പനോട റോഡിലേക്ക് ഇതുവഴി പോകാനാകും.

പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ നടപടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടന്നിരുന്നു. നിലവിലുള്ള വീതികുറഞ്ഞ പാലത്തിനുസമീപത്തായാണ് പുതിയ പാലം നിർമിക്കുന്നത്.

ഇതുവഴി പാലംകടന്നാൽ പറമ്പൽ മീൻതുള്ളിപ്പാറ ഭാഗത്തേക്കാണ് എത്തുക. ഇരുഭാഗത്തും സമീപനറോഡും നിർമിക്കണം. കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെയുള്ള വീതികുറഞ്ഞ ഇപ്പോഴത്തെ തിമിരിപ്പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ചുകടന്നുപോകാനുള്ള സ്ഥലമേയുള്ളൂ. വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണീ പാലം.

ഇതേ പാതയിലുള്ള പന്നിക്കോട്ടൂർ കോളനിക്കടുത്ത് മൂത്തേട്ട് പുഴയ്ക്ക് കുറുകെയുള്ള പാലം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യായിരിക്കെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടിയിൽപ്പരം രൂപ ചെലവഴിച്ച് 2019-ൽ നിർമാണം പൂർത്തിയാക്കി തുറന്നുനൽകിയിരുന്നു. തിമിരിപ്പാലംകൂടി പൂർത്തിയായാൽ ഇതുവഴി നല്ലൊരു പാതയൊരുങ്ങും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.