മിന്നല്‍ റോബിന്‍; കാട്ടുപന്നിയെ മല്‍പ്പിടുത്തത്തിലൂടെ ഓടിച്ച് മേപ്പയ്യൂര്‍ സ്വദേശിയായ പതിനൊന്നുകാരന്‍ രക്ഷിച്ചത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ


മേപ്പയൂര്‍: കാട്ടുപന്നിയില്‍ നിന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറി മേപ്പയ്യൂര്‍ സ്വദേശി റോബിന്‍. കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കൂനംവെള്ളികാവ് മാവുള്ളതില്‍ രതീഷിന്റെ മകന്‍ റോബിന്‍ (11) ആണ് വീട്ടിലെത്തിയ പന്നിയെ മല്‍പ്പിടുത്തത്തിലൂടെ ഓടിച്ചത്.

വീട്ടില്‍ വിരുന്നു വന്ന അമ്മാമനായ രജീഷിന്റെയും അതുല്യയുടെയും മക്കളായ ഒന്നരവയുള്ള ആഷ്മിയേയും ആഷ്മികയേയുമാണ് റോബിന്‍ കാട്ടുപന്നിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 11.30 യോടെയാണ് സംഭവം. അതിവേഗത്തില്‍ ഓടി വന്ന കാട്ടുപന്നി നേരെ വീട്ടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയത്ത് കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അതുല്യയും രതീഷിന്റെ ഭാര്യ രജിലയും വീടിന് പിന്‍വശത്തായിരുന്നു.

പന്നിയെ കണ്ട റോബിന്‍ ധൈര്യത്തോടെ വീട്ടിനകത്തേക്ക് കയറുകയും പന്നിയെ കുട്ടികളുടെ അടുത്തു നിന്നും മല്‍പിടുത്തത്തിലൂടെ ഓടിക്കുകയുമായിരുന്നു. വീടിന്റെ ഉള്‍വശം ടൈലിട്ടിരുന്നതിനാല്‍ വഴുതി വീണ കാട്ടുപന്നി റോബിന്റെ മുട്ടിന് ഇടിച്ച് പുറത്തേക്കോടുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കാട്ടു പന്നിയുടെ പിന്നാലെ ഓടിയെങ്കിലും പന്നി കാട്ടുപൊന്തയിലേക്ക് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ റോബിനെ മേപ്പയൂര്‍ പി.എച്ച്.സിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയ ശേഷം പിന്നീട് റോബിനെ വീട്ടിലേക്ക് വിട്ടു.

മേപ്പയൂര്‍ ടൗണിലെ ഓട്ടോ ഗുഡ്‌സിന്റെ ഡ്രൈവറായ രതീഷിന്റെയും രജിലയുടെയും മകനാണ് റോബിന്‍. പിഞ്ചു കുട്ടികളെ പന്നിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ റോബിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.