‘കാട്ടുപന്നിയുടെ രോമം വാഹനത്തിലില്ല’; കൂരാച്ചുണ്ട് സ്വദേശിക്ക് നഷ്ടപരിഹാരം നിഷേധിച്ച് വനം വകുപ്പ്
താമരശ്ശേരി: കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കൂരാച്ചുണ്ട് സ്വദേശി റഷീദിന് വനം വകുപ്പില്‍ നിന്നും യാതൊരു സഹായവും ലഭ്യമായിട്ടില്ലെന്ന് പരാതി. റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്താലല്ല അപകടം നടന്നതെന്ന കണ്ടെത്തെലാണ് റഷീദിന് വിനയായത്.
ഒക്ടോബര്‍ ആറിന് വിവാഹ സല്‍ക്കാരത്തിന് പങ്കെടുത്ത് തിരികെ കൂരാച്ചുണ്ടിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കട്ടിപ്പാറക്കടുത്ത് വെച്ച്
കാട്ടുപന്നികള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് റഷീദ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മൂന്ന് മീറ്റര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ്, മകള്‍ റിഫ്സിന ദില്‍ഷാദ് കുരുടിയത്ത്, ഇവരുടെ മകളായ രണ്ടുവയസുള്ള ഷെസാ മെഹ്റിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡയാലിസിസ് ചെയ്യുന്ന റഷീദിനെ പിന്നീട് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ പൂര്‍ണ്ണമായും റഷീദ് മുക്തനായിട്ടില്ല.
താമരശ്ശേരി പോലീസ് സ്‌റ്റേഷനിലും റേഞ്ച് ഓഫീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ വാഹനത്തില്‍ പന്നിയുടെ രോമമില്ലെന്നും അതിനാല്‍ കാട്ടുപന്നിയുടെ ആക്രമണത്താലല്ല അപകടം നടന്നതെന്ന വിചിത്ര വാദമാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞതെന്ന് അഡ്വ. സുമിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാന്‍ പന്നിയുടെ രോമം വേണമെന്നില്ലെന്നും ഇരയ്ക്ക് നീതി നിഷേധിക്കലാണ് ഇതുവഴി ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് റഷീദിന്റെ കുടുംബം.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.