കാട്ടു പന്നിയെ കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുമോ? വന്യജീവികള്‍ എങ്ങനെയാണ് ക്ഷുദ്രജീവിയാകുന്നതെന്ന് പരിശോധിക്കാം
തിരുവനന്തപുരം: കൃഷി നശിപ്പിക്കുക, മനുഷ്യ ജീവനെടുക്കുക തുടങ്ങിയ കുറ്റ ചാർത്തുകൾ കൂടി വന്നതോടെ ഇതിനെല്ലാം ഉത്തരവാദിയായ കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരളം. കേന്ദ്രത്തിനോടാണ് ഈ ആവശ്യം. എന്തിനാണ് വന്യജീവിയായ കാട്ടുപന്നിയെ ഒരു ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നത്? ഇത്തരത്തില്‍ ഒരു വന്യജീവിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടാവുന്നത്?
അറിയാം …. വിശദമായി……
നാട്ടിലിറങ്ങി മനുഷ്യ ജീവനോ, സമ്പത്തിനോ, കൃഷിയ്ക്കോ നാശംവരുത്തുന്ന കാട്ടു പന്നികളെ ക്ഷുദ്രജീവിയായി (വെർമിൻ) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചാൽ, വനമേഖലയിലൊഴികെ ആർക്കും ഇവയെ കൊല്ലാം, ഇറച്ചിയും ഉപയോഗിക്കാം. കൊല്ലാനും ജഡം മറവു ചെയ്യാനും വനം വകുപ്പിന്റെ അനുമതിയും നടപടിക്രമങ്ങളും ആവശ്യമില്ല. വെടിവച്ചോ മറ്റു മാർഗങ്ങളിലൂടെയോ കൊല്ലാം. വിഷം കൊടുത്തോ, വൈദ്യുതാഘാതമേൽപ്പിച്ചോ കൊല്ലാൻ പാടില്ല.
ഒരു വർഷത്തേക്കു മാത്രമാണ് കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക. ഈ കാലയളവിൽ കാട്ടുപന്നി ശല്യം നിയന്ത്രിക്കാനായില്ലെങ്കിൽ, സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം കേന്ദ്രത്തിന് സമയപരിധി നീട്ടാം. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62ാം വകുപ്പു പ്രകാരമാണ് വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം പ്രാബല്യത്തിലായാൽ കാട്ടു പന്നിയെ കൊല്ലാം.
കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ മനുഷ്യ–വന്യജീവി ആക്രമണങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനും കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് നിയന്ത്രിക്കാനും കഴിയുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി ഡൽഹിയിൽ നടത്തുന്ന ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്ക് ഏറെ ആശ്വാസം ഉണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
നാട്ടിലിറങ്ങി മനുഷ്യ ജീവനോ, സമ്പത്തിനോ, കൃഷിക്കോ നാശം വരുത്തുന്ന കാട്ടു പന്നികളെ വെടിവച്ചു കൊല്ലാൻ, നിലവിൽ വനം ഉദ്യോഗസ്ഥർക്കു മാത്രമാണ് അനുമതി. തോക്ക് ലൈസൻസ് കൈവശമുള്ളവർക്കും വനം വകുപ്പിന്റെ അനുമതിയോടെ കാട്ടു പന്നികളെ വെടിവച്ചു കൊല്ലാം. മനുഷ്യ ജീവനും, സമ്പത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുമതി അടുത്ത വർഷം മേയ് വരെ വനം വകുപ്പ് നീട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് കാട്ടു പന്നി ആക്രമണത്തില്‍ 4 പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കാട്ടു പന്നികള്‍ നാശം വരുത്തിയ 10,335 സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിന് 5,05,45,488 രൂപ എക്‌ഗ്രേഷ്യയായി സര്‍ക്കാര്‍ നല്‍കി. 2011 മുതല്‍ ഇന്നലെ വരെയായി 1110 കാട്ടു പന്നികളെയാണ് വനം വകുപ്പിന്റെ അനുമതിയോടെ കൊന്നത്. 1997ല്‍ കേരളത്തിലെ കാട്ടു പന്നികളുടെ എണ്ണം 40,425 ആയിരുന്നത് 2002ല്‍ 60,940 ആയി ഉയര്‍ന്നു. എന്നാല്‍ 2011ല്‍ ഇത് 48,034 ആയി കുറഞ്ഞു. ഇപ്പോള്‍ ഇരട്ടിയായെന്നാണ് അനൗദ്യോഗിക കണക്ക്.
∙ ഷെഡ്യൂൾ 5ൽ കാക്ക മുതൽ എലി വരെ
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 3ലാണ് കാട്ടു പന്നികൾ ഉൾപ്പെടുന്നത്. ഇവയെ ഷെഡ്യൂൾ 5ൽ ഉൾപ്പെടുത്തിയാൽ മാത്രമേ കാട്ടു പന്നികളെ ഇല്ലായ്മ ചെയ്യാനാകൂ. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാൽ മാത്രമേ ഇതിനുള്ള നടപടികൾ വേഗത്തിലാകുകയുള്ളൂവെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കാക്ക, വവ്വാൽ, ചുണ്ടെലി, എലി എന്നിവയാണ് ഷെഡ്യൂൾ 5ൽ ഉൾപ്പെടുന്ന, ക്ഷുദ്രജീവികളായി കേന്ദ്ര സർക്കാർ കേരളത്തിൽ പ്രഖ്യാപിച്ച ജീവികൾ. കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഷെഡ്യൂൾ 5ലാണ് ഉൾപ്പെടുത്തുക. വനമേഖലയിൽ വച്ച് കാട്ടു പന്നികളെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ പരമാവധി 3 വർഷം വരെ തടവും അല്ലെങ്കിൽ കാൽ ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
∙ കൃഷി നശിപ്പിക്കുന്ന ‘ഭീകരൻമാർ’
വനങ്ങളിലെ ഒരു സസ്തനിയാണ് കാട്ടു പന്നി. സസ് സ്ക്രോഫ(sus scrofa)എന്നാണു ശാസ്ത്രീയനാമം. സസ് സ്ക്രോഫ ക്രിസ്റ്റാറ്റസ് എന്ന ഉപവർഗമാണ് കേരളത്തിൽ പൊതുവായി കാണപ്പെടുന്നത്. മിശ്രഭുക്കായ ഇവ തേറ്റ ഉപയോഗിച്ച് മണ്ണു തുരന്ന് കായ്കളും വിത്തുകളും ഭക്ഷിക്കുന്നു. കൂട്ടത്തോടെ ഇവ ഭക്ഷണം തേടിയിറങ്ങുന്നതു വഴി വൻ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. വർഷത്തിൽ ഒരു തവണയാണ് പ്രസവിക്കുക. രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടു പന്നികളുടെ ഭാരം 30 മുതൽ 50 കിലോ വരെയാണ്.