കാടറിഞ്ഞ്, തണുപ്പറിഞ്ഞ്, ഇളം കാറ്റിൽ കഥ പറയാം: പ്രകൃതിയുടെ സൗന്ദര്യം കയ്യൊപ്പ് ചാർത്തിയ മലനിരകളും താഴ്വാരവും: കണ്ണിനു താഴെ പച്ചയുടെ സ്വർഗമൊരുക്കുന്ന കണ്ണൂരിലെ പൈതൽമല


ണുപ്പും സൗന്ദര്യവും മൂന്നാറിന്റെ കുത്തകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കണ്ണൂരിനുമുണ്ട് മൂന്നാറിനെപ്പോലെ സുന്ദരമായൊരു ഇടം. അതാണ് പൈതല്‍ മല. കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…എങ്കില്‍ ഇവിടേക്ക് വരൂ. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്, പൈതല്‍ മലയിലേക്ക്.

കോടമഞ്ഞു കലര്‍ന്ന തണുത്ത ഇളം കാറ്റ്. തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും. പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമാണിത്. പ്രകൃതിയുടെ നിറച്ചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്ചയുടെ വസന്തം വിരിയുന്ന പൈതല്‍ മല. കണ്ണൂരിന്റെ മൂന്നാറെന്നു പൈതല്‍ മലയെ വിശേഷിപ്പിക്കാം. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍ മല നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്റേയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും.

കടുത്ത വേനലിലും വറ്റാത്ത നീരുറവകള്‍, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍, സൂര്യാസ്തമയത്തിന്റെ വര്‍ണ വിസ്മയം, പൈതല്‍ മല ഒരുക്കുന്ന കാഴ്ചയുടെ വിസ്മയങ്ങള്‍ ഏറെയാണ്. നനഞ്ഞ കാട് നല്‍കുന്ന സുഖം അനുഭവിച്ച് തന്നെ അറിയണം. മരങ്ങള്‍ ഇല പൊഴിച്ച് വഴി മുഴുവന്‍ അലങ്കരിച്ചിരുന്നു. മരങ്ങള്‍ക്കിടയിലൂടെ കോടമഞ്ഞ് വന്നു പോകുന്നു. നടപ്പാതക്ക് കുറുകെ ഇടക്ക് ചെറിയ നീര്‍ച്ചാലുകള്‍.

പ്രകൃതിയുടെ പരിശുദ്ധി തന്നെയാണ് പൈതല്‍ മലയുടെ പ്രധാന ആകര്‍ഷണം. ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും പൈതല്‍ മല കാഴ്ചയ്ക്ക് നവ്യാനുഭൂതി നല്‍കുന്നു. 500 വര്‍ഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്.

കടല്‍ നിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത് പൈതല്‍ മല പരന്നു കിടക്കുന്നു. നിബിഢ വനങ്ങളാണ് മലമുകളില്‍ ഉള്ളത്. മലയുടെ അടിവാരത്തില്‍ ഒരു വിനോദ സഞ്ചാര അന്വേഷണ കേന്ദ്രവും താമസ സൗകര്യങ്ങളും ഉണ്ട്. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ് പൈതല്‍ മല സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം.

എങ്ങനെ എത്തിച്ചേരാം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ (വൈതല്‍) മല. പൊട്ടന്‍പ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നാല്‍ പൈതല്‍ മല എത്താം. ആലക്കോട് , കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തന്‍പാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂര്‍ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചേരാം. കാടിന്റെ മനോഹാരിത ആസ്വദിക്കെണ്ടവര്‍ക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം