‘കളർ കോഡ്‌സ്’ റിലീസിന് തയ്യാറെടുക്കുന്നു; പിന്നണിയിലാകെ കൊയിലാണ്ടിക്കാർ


കൊയിലാണ്ടി മന്ദമംഗലം പ്രദേശത്തെ ഏതാനും യുവാക്കൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രമായ ‘കളർ കോഡ്‌സ്’ റിലീസിന് തയ്യാറെടുക്കുന്നു. ഇന്ന് (മെയ് 26) 3 മണിക്ക് ഓറഞ്ച് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പൊളിറ്റിക്കൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ലിപിൻ നിവേദ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മുൻ കൊയിലാണ്ടി നഗരസഭ കൗണ്സിലറും നാടക പ്രവർത്തകനുമായ ഷാജി പാതിരക്കാട്, നാടക-ഹ്രസ്വചിത്ര അഭിനയതാവായ മകേഷൻ നടേരി, സിജു ചന്ദ്രൻ, അർജുൻ ചാലോളി, അശോകൻ ടി എൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോബിൻ ബി ആർ ക്യാമറയും വിവേകാനന്ദൻ സി കെ, ആകാശ് രഘുനാഥ് എന്നിവർ പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്ത ഈ ചിത്രം കൊയിലാണ്ടി സ്റ്റേഡിയം പരിസരങ്ങൾ, കൊല്ലം യൂ പി സ്കൂൾ, ആനക്കുളം സുരക്ഷാ പാലിയേറ്റിവ് കെയർ എന്നിവടങ്ങളിൽ വച്ച് ജനുവരി ആദ്യത്തോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.