കളിയാരവങ്ങളും ആര്‍പ്പുവിളികളും ഇല്ലാതെ ടര്‍ഫുകള്‍; പലയിടങ്ങളിലും ടര്‍ഫുകളില്‍ കാടുകയറി, കൊവിഡ് നിയന്ത്രണങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ നടത്തിപ്പുകാര്‍


പേരാമ്പ്ര: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാടെങ്ങുമുള്ള പച്ചപ്പുൽ മൈതാനികളിൽ കളിയാരവം ഉയർന്നൊരു കാലമുണ്ടായിരുന്നു. എല്ലാ വിഭാഗം കായിക പ്രേമികളും ടർഫുകളിൽ ക്രിക്കറ്റും ഫുട്‌ബോളും ഹോക്കിയും കളിക്കാനെത്തി. നഗരത്തിൽ ഒതുങ്ങിയ ഇത്തരം മൈതാനങ്ങൾ ഗ്രാമങ്ങളിലും ഹിറ്റായി. എന്നാൽ കോവിഡ്‌ മഹാമാരി എല്ലാം തകിടംമറിച്ചു.

ഒന്നരവർഷത്തിനിടയിൽ രണ്ടരമാസം മാത്രമാണ്‌ ടർഫുകൾ തുറന്നത്‌. പലയിടങ്ങളിലും കാട്‌കയറി. ഉപകരണങ്ങളും നശിച്ചു. ലോക്‌ഡൗണിനിടയിൽ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ ടർഫ്‌ നടത്തിപ്പുകാർ.
പൂട്ടിപ്പോയത്‌ പകുതിയോളം.

2015 – 16 കാലത്താണ്‌ ജില്ലയിൽ ആദ്യമായി ടർഫ്‌ മൈതാനത്തിന്റെ പിറവി. നാല്‌ വർഷം കഴിയുമ്പോഴേക്കും ഗ്രാമ നഗരങ്ങളിലായി 225 മൈതാനങ്ങളായി. പ്രവാസികളടക്കം നിരവധി പേർ ഈ മേഖലയിലെത്തി. 30 മുതൽ 50 ലക്ഷം രൂപവരെയായിരുന്നു മുടക്ക്‌ മുതൽ. കോവിഡിന്‌ മുമ്പ്‌ മാസം മൂന്ന്‌ ലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്ന മൈതാനങ്ങളുണ്ട്‌.

എന്നാൽ ഇന്ന്‌ സ്ഥിതിമാറി. പകുതിയോളം പൂട്ടി. കോർപറേഷൻ പരിധിയിൽ മാത്രം 35 എണ്ണമാണ്‌ പൂട്ടിയത്‌. ജില്ലയിൽ ഇപ്പോഴുള്ളത്‌ 120 ഓളം ടർഫ്‌ മൈതാനങ്ങളാണ്‌. സ്ഥലം പാട്ടത്തിനെടുത്ത്‌ മൈതാനങ്ങൾ ഒരുക്കിയവർ വാടക നൽകാൻ കഴിയാതെ ദുരിതത്തിലാണ്‌. ചിലരൊക്കെ കിട്ടിയ വിലയ്‌ക്ക്‌ വിൽക്കുകയും ചെയ്‌തു.

ജില്ലയിലെ ടർഫുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. നടത്തിപ്പുകാർ പലരും കടക്കെണിയിലാണ്‌. ഇനിയും പൂട്ടിക്കിടന്നാൽ മൈതാനങ്ങൾ നശിക്കും. അതിന്‌ ഇടവരരുത്‌.