കല്ലാച്ചിയിലെ നൂര്‍ജഹാന്റെ കുടുംബത്തില്‍ മന്ത്രവാദം കവര്‍ന്നത് ഒന്നല്ല, രണ്ട് ജീവനുകള്‍; യുവതിയുടെ മകളും മന്ത്രവാദത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ബന്ധുക്കള്‍


വടകര: കല്ലാച്ചി സ്വദേശിനി നൂര്‍ജഹാന്‍ ചികിത്സ കിട്ടാതെ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മരണപ്പെട്ടതിനു പിന്നാലെ ഭര്‍ത്താവ് ജമാലിനെതിരെ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍. കുടുംബത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ മരണമല്ല നൂര്‍ജഹാന്റേതെന്നും ജമാലിന്റെയും നൂര്‍ജഹാന്റെയും മൂത്തകുട്ടിയും ഇത്തരത്തിലാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഒരു വയസും എട്ടുമാസവും പ്രായമുള്ളപ്പോഴാണ് മൂത്തകുട്ടി മരിക്കുന്നത്. തലയ്ക്ക് ട്യൂമര്‍ വന്ന കുഞ്ഞിനെ ജമാല്‍ ചികിത്സിച്ചില്ലെന്ന് നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ ആരോപിച്ചു. മന്ത്രവാദം മറ്റുമാണ് നടത്തിയത്. മകളെ വിവാഹം കഴിച്ച സമയത്തുതന്നെ ആലുവയിലെ മതകേന്ദ്രത്തില്‍ ജമാല്‍ പോകാറുണ്ടായിരുന്നു. പിന്നീട് നൂര്‍ജഹാനും മക്കളും അതില്‍ ആകൃഷ്ടരായെന്നും അവര്‍ പറഞ്ഞു.

ഇന്നലെയാണ് നൂര്‍ജഹാന്‍ ആലുവയിലെ മതകേന്ദ്രത്തില്‍വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ നവംബറിലാണ് നൂര്‍ജഹാന് ത്വക്ക് രോഗം പിടിപെട്ടത്. അന്ന് ത്വക്കിന്റെ ഡോക്ടറുടെ ചികിത്സ തേടിയെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ആയുര്‍വേദത്തിലും അതിനുശേഷം മന്ത്രവാദത്തിലും അഭയം തേടി. മാറ്റമില്ലാതായതോടെ മകള്‍ വിളിച്ച് പറഞ്ഞതനുസരിച്ച് ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നെന്നും കുഞ്ഞായിഷ പറഞ്ഞു.

എന്നാല്‍ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജാമല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. കുഞ്ഞായിഷ അടക്കമുള്ളവരാണ് നൂര്‍ജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ജമാലിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയില്‍ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.