കല്‍ക്കരി ക്ഷാമം കേരളത്തെയും ഇരുട്ടിലാക്കുമോ? കേരളത്തിനുള്ള വൈദ്യുതി വിഹിതം വെട്ടികുറച്ചു; വിവിധ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചു; ആശങ്ക


ന്യൂഡല്‍ഹി: കേരളത്തിനുള്ള വൈദ്യുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. രാജ്യത്തെ താപനിലയങ്ങളില്‍ ഊര്‍ജ്ജോല്‍പ്പാദനത്തിനായുള്ള കല്‍ക്കരിക്ക് ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നാണ് അറിയുന്നത്. പീക്ക് സമയങ്ങളില്‍ (വൈകീട്ട് ആറ് മുതല്‍ രാത്രി 10 മണി വരെ) വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ജനങ്ങളോട് തുടര്‍ച്ചയായി അഭ്യര്‍ത്ഥിക്കുന്നുണ്ട്.

അതേസമയം പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പവര്‍കട്ട് പ്രഖ്യാപിച്ചത്. ഡല്‍ഹിക്ക് പിന്നാലെ തമിഴ്‌നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണത്തില്‍ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചത്.

നേരത്തെ കല്‍ക്കരിക്ഷാമം മൂലം രണ്ട് ദിവസം പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്ന് ഡല്‍ഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോള്‍ വൈദ്യുതിമുടക്കം പതിവാണ്. ഡല്‍ഹിയിലെ രണ്ട് വൈദ്യുതിനിലയങ്ങളില്‍ ഉല്‍പാദനത്തിനായി ഗ്യാസ് എത്തിക്കുമെന്ന് ഓയില്‍ മിനിസ്റ്ററി അറിയിച്ചു.

ഇതിന് പുറമേ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദകരായ എന്‍.ടി.പി.സി കല്‍ക്കരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങള്‍കൊണ്ടാണ് രാജ്യത്ത് കല്‍ക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം. കോവിഡ് പ്രതിസന്ധിയില്‍ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിനാല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് കല്‍ക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം നാല് ബില്യണ്‍ യൂണിറ്റായി വര്‍ധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമേ കല്‍ക്കരി ഖനികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്