കരിയാത്തുംപാറ: ഒരു ജീവന്‍കൂടി പൊലിയുമ്പോള്‍ അധികാര സ്ഥാപനങ്ങളോട് ചില ചോദ്യങ്ങള്‍


അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര ഗ്രാമമായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മനോഹര പ്രദേശമാണ് കക്കയം, കരിയാത്തുംപാറ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നൂറിലധികം വിനോദ സഞ്ചാരികള്‍ ദിനം പ്രതിയെത്തുന്ന ഇവിടം അപകടങ്ങള്‍ പതിയിരിക്കുന്നു. പുഴയുടെ ഓളങ്ങളില്‍ ആനന്ദം കണ്ടെത്തുവാന്‍ ഇറങ്ങിയ ഒരു ജീവന്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങി. തലശ്ശേരി സ്വദേശിയായ 17 വയസുക്കാരനാണ് പുഴയില്‍ മുങ്ങിമരിച്ചത്. ഇതിന് മുന്‍പും നിരവധി ജീവനുകള്‍ പൊലിഞ്ഞുപോയ അതേ സ്ഥലത്ത് തന്നെയാണ് ഇന്നുണ്ടായ മരണവും സംഭവിച്ചത്.

പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് നടത്തിയ മതില്‍ നിര്‍മ്മാണം അശാസ്ത്രീയമാണ്. അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിലങ്ങുതടിയാവുകയാണ് .

ഇനി പറയുന്നത് ഇവിടത്തെ വിവരക്കേട് മാത്രം കൈമുതലാക്കിയ അധികാര സ്ഥാപനങ്ങളോടാണ്.

1. കാലങ്ങളായി മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നത് പുഴയിലെ ഒരേ സ്ഥലത്താണ്. ഇവിടെ ഒരു ഗൈഡിനെ നിറുത്തി നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്?

2. അപകടം പതിയിരിക്കുന്ന പുഴയിലെ ആഴമേറിയ ചുഴിയുള്ള കുഴി കല്ലിട്ട് നികത്തുന്നതിന് തടസ്സമെന്താണ്?

3. സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊളാന്‍ കഴിയില്ലെങ്കില്‍ പുഴയില്‍ ഇറങ്ങിയുള്ള വിനോദ സഞ്ചാരം നിരോധിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് തടസ്സം?

4. പുഴ സംരക്ഷണത്തിന്റെ പേരില്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്താന്‍ കഴിയാത്ത രീതിയില്‍ അശാസ്ത്രീയമായി ചുറ്റുമതില്‍ നിര്‍മ്മിച്ച് കോടികള്‍ മുടക്കിയത് എന്തിന് വേണ്ടിയാണ്?

അപകട മേഖലയില്‍ ഗൈഡിനെ നിറുത്തി വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെങ്കില്‍ പ്രവേശനം നിരോധിക്കാന്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാവണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.