കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ്; മുക്കം സ്വദേശികളായ സഹോദരങ്ങള്‍ അടക്കം നാല് പേർ കൂടി അറസ്റ്റിൽ, കേസിൽ ഇത് വരെ പിടിയിൽ ആയത് 31 പേർ


കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. പ്രതികളും ഇവരെ ഒളിവില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളും അടക്കം ആണ് നാല് പേര്‍ പോലീസ് പിടിയില്‍ ആയത്.

മുക്കം കൊടിയത്തൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങല്‍ അലി ഉബൈറാന്‍ (24), എല്ലേങ്ങല്‍ ഉബൈദ് അക്തര്‍ (19 ), പരപ്പന്‍ പോയില്‍ സ്വദേശി കുന്നുമ്മല്‍ ഗസ് വാന്‍ ഇബിന്‍ റഷീദ്(20), മുക്കം പുതിയോട്ടില്‍ അര്‍ഷാദ് (24) എന്നിവരെയാണ് മുക്കം, താമരശ്ശേരി അടിവാരം എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.

സംഭവദിവസം ജൂണ്‍ 21 ന് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിരുന്നു. ഇവര്‍ വന്ന ഫോര്‍ച്ചുണര്‍ വാഹനവും പിടിച്ചെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്ക് സുരക്ഷിതമായി ഒളിവില്‍ കഴിയാനുള്ള താമസ സ്ഥലവും, വാഹനങ്ങളുംപണമടക്കമുള്ള സൗകര്യങ്ങളും നല്‍കിയത് അലി ആണ്. ഇയാള് തന്നെ ആണ് കേസില്‍ ഉള്‍പ്പെട്ട വാഹനം ഒളിപ്പിച്ചതും. ഈ കുറ്റകൃത്യം ചെയ്തതിനാണ് അലി ഉബൈറാനെ അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 31 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായ പ്രതികള്‍ക്ക് കൊടുവള്ളി, ചെര്‍പുളശ്ശേരി, താമരശ്ശേരി ഭാഗങ്ങളിലുള്ള സ്വര്‍ണ്ണക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും, സ്വത്തു വിവരങ്ങളും വിദേശയാത്രാ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ഇവരില്‍ ഉള്‍പ്പെട്ട ചില പ്രതികള്‍ ബോംബയിലേക്ക് കടന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മുംബൈക്ക് തിരിച്ചിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റിസോട്ടുകളിലും മറ്റും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പിടിയിലായ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും, മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.കൂടുതല്‍ പ്രതികള്‍ ഏറെ വൈകാതെ പിടിയില്‍ ആകുമെന്ന് ആണ് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പ്രത്യേക സംഘ തലവന്‍ കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫ് പറയുന്നത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, എ എസ് ഐ ബിജു സൈബര്‍ സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പോലീസിലെ സുരേഷ്.വി കെ, രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ, എസ് ഐ മാരായ സതീഷ് നാഥ്, അബ്ദുള്‍ ഹനീഫ, ദിനേശ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.