കരിപ്പൂര്‍മോഡല്‍ ‘സ്വര്‍ണംപൊട്ടിക്കല്‍’ തിരുവനന്തപുരത്തും; ഒരാളെ കാണാതായതിനു പിന്നില്‍ സ്വർണക്കടത്ത്


തിരുവന്തപുരം: കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും. ഒരാഴ്ച മുമ്പ് വിദേശത്ത് നിന്നെത്തിയ ആളെ കാണാതായതിന് പിന്നില്‍ സ്വര്‍ണക്കടത്താണ് എന്ന നിഗമനത്തിലാണ് പോലീസ്. സ്വര്‍ണം കടത്തിയ ആള്‍ മറ്റൊരു സംഘത്തിനൊപ്പം പോയെന്നാണ് കരുതുന്നത്. ഇയാള്‍ പോയ വാഹനം പോലീസ് കണ്ടെത്തി.

കഴിഞ്ഞ 13ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കല്ലറ സ്വദേശി അല്‍ അമീനെയാണ് കാണാതായത്. ഇയാളുടെ തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂര്‍ മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍ തിരുവനന്തപുരത്തും നടന്നതായി പോലീസ് സംശയിക്കുന്നത്.

മഞ്ചേരി സംഘത്തിനായി അല്‍ അമീന്‍ കടത്തിയ സ്വര്‍ണം കണ്ണൂര്‍ സംഘം കടത്തിയതായാണ് സൂചന. കണ്ണൂര്‍ സംഘത്തിന് അല്‍ അമീന്‍ തന്നെ വിവരം നല്‍കിയതായാണ് കരുതുന്നത്. ഒന്നുകില്‍ അല്‍ അമീനെ കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടുപോയി, അല്ലെങ്കില്‍ അവര്‍ക്കൊപ്പം അയാള്‍ സ്വമേധയാ പോയി എന്നാണ് പോലീസ് നിഗമനം.

സ്വര്‍ണം പ്രതീക്ഷിച്ച് നിന്ന മഞ്ചേരി സംഘം അല്‍ അമീന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായി വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ അല്‍ അമീന്‍ പോയ വാഹനം കണ്ണൂരില്‍ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയത്. ഈ വാഹനം പലതവണ കൈമറിഞ്ഞാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കൈയില്‍ എത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അല്‍ അമീന്‍ കേരളം വിട്ടതായും സംശയിക്കുന്നു. രാജ്യം വിട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ സ്വര്‍ണം കടത്തിക്കൊണ്ടുപോയ സംഘവുമായി ഇയാള്‍ വിദേശത്തുവെച്ചു തന്നെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. അതുകൊണ്ടാണ് അല്‍ അമീന്‍ സ്വമേധയാ പോയതായി പോലീസ് സംശയിക്കുന്നത്.

രാമനാട്ടുകര അപകടത്തിന് ശേഷം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തുന്നതായി സൂചനയുണ്ടായിരുന്നു.