കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണി ട്രാപ്പും; യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കും, രണ്ടു പേര്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിന്നാലെ ഹണിട്രാപ്പും സജീവം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു എന്നാണ് പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരെ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കും. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. കര്‍ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
പ്രവാസികളുമായി സ്ത്രീകള്‍ വഴി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് കരിപ്പൂരിലെത്തുമ്പോള്‍ കാണണമെന്ന് ആവശ്യപ്പെടും. വരുന്ന യാത്രക്കാരന്റെ സൗകര്യം കൂടി പരിഗണിച്ച് ഹോട്ടലിലോ മറ്റെവിടെയെങ്കിലും ഒരു സ്ഥലം ഉറപ്പിക്കും. അവിടെ എത്തുന്ന യാത്രക്കാര്‍ക്കൊപ്പം സ്ത്രീകളെ നിര്‍ത്തി ഫോട്ടോ എടുക്കുകയാണ് പതിവ്.
യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരനെ പറ്റിച്ച് ഒന്നരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇതിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് നല്ലളം സ്വദേശി നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെപ്പേരെ ഇത്തരത്തില്‍ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുത്തതായാണ് സൂചന.