കരിപ്പൂരില്‍ വൻ സ്വർണ്ണവേട്ട; വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് ഒന്നരകോടി രൂപയുടെ സ്വര്‍ണ്ണ മിശ്രിതം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. സ്പൈസ്ജെറ്റിന്റെ എസ്ജി703 എന്ന വിമാനത്തിലെ ജീവനക്കാരനായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയില്‍ നിന്നാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ്ണം പിടികൂടിയത്.
ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകര്‍ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ തുടങ്ങിയത്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. രാജന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, പ്രവീണ്‍ കുമാര്‍. കെ.കെ, പ്രകാശ്. എം ഇന്‍സ്പെക്ടര്‍മാരായ പ്രതീഷ്. എം, മുഹമ്മദ് ഫൈസല്‍. ഇ, കപില്‍ സുറിറ, ഹെഡ് ഹവില്‍ദാര്‍മാര്‍ ആയ സന്തോഷ് കുമാര്‍. എം, മോഹനന്. ഇ. വി, രാജേഷ്. വി.കെ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.