കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് യാത്രികരിൽ നിന്നായി രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി


കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍നിന്നായി രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണമിശ്രിതം പിടികൂടി. ആകെ 4.7 കിലോ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.

ബഹ്‌റൈനില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയില്‍നിന്ന് 2.2 കിലോ സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍നിന്ന് 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാന്റ്‌സിലെ രഹസ്യ അറകളില്‍ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍നിന്ന് 355 ഗ്രാം സ്വര്‍ണവും പിടികൂടി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതായി ഡി.ആര്‍.ഐ.യ്ക്കും കസ്റ്റംസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് യാത്രക്കാരില്‍നിന്ന് സ്വര്‍ണംപിടികൂടിയത്. കഴിഞ്ഞദിവസം ഒരു എയര്‍ ഹോസ്റ്റസില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരും.