‘കയ്യില്‍ കടിച്ചു, അടിവയറ്റില്‍ ചവിട്ടി’; അത്തോളി സ്വദേശിനിയെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്കെതിരെ കേസ്
കോഴിക്കോട്: അത്തോളി സ്വദേശിനിയെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നടക്കാവ് എസ്.ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുള്‍ നാഫിക്കിന്റെ (30) പരാതിയില്‍ നടക്കാവ് എസ്.ഐ വിനോദിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അഫ്‌നയും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിലെത്തി തടഞ്ഞാണ് മര്‍ദ്ദിച്ചത്. പൊലീസ് അടിവയറ്റില്‍ ചവിട്ടിയെന്നും വലതുകയ്യില്‍ കടിച്ചെന്നും അഫ്‌ന പറഞ്ഞു. മുക്കത്ത് നിന്ന് അത്തോളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
മറ്റൊരു കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചാണ് മര്‍ദ്ദനം ഉണ്ടായത്. ഈ കാറിലുണ്ടായിരുന്നവര്‍ അഫ്‌നയെ കാറില്‍ നിന്ന് വലിച്ച് പുറത്തിട്ടു. സംഘം വിളിച്ചതിനെ തുടര്‍ന്നാണ് എസ്.ഐ ബൈക്കിലെത്തി മര്‍ദ്ദിച്ചതെന്നും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്നും അഫ്‌ന പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസുകാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഡി.സി.പി പറഞ്ഞു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ അറിയിച്ചു.