‘കയ്യടിക്ക് വേണ്ടിയല്ല, ഇത് അമ്മയ്ക്ക് വേണ്ടി’; അമ്പത്തിയാറാം വയസിലെ അമ്മയുടെ വിവാഹത്തെ കുറിച്ച് കീർത്തി പ്രകാശ്
‘ആരുടെയും കൈയടിക്ക് വേണ്ടിയല്ല, അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ, അത്രയുമേ ഉദ്ദേശിച്ചുള്ളൂ’- അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ചതിനെക്കുറിച്ച് പറയുകയാണ് കീർത്തി പ്രകാശ്. ജീവിതത്തിൽ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന അമ്മയ്ക്ക് പകരം നൽകാൻ കീർത്തി പ്രകാശിനും അനുജൻ കാർത്തിക്കിനും മറ്റൊരു വലിയ സമ്മാനവുമുണ്ടായിരുന്നില്ല. അമ്മയുടെ വിവാഹം നടത്താൻ മക്കളായ തങ്ങൾക്ക് കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കരുതുന്നു ഇരുവരും. വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട അമ്മയ്ക്ക് കൂട്ടൊരുക്കുമ്പോൾ കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയുമൊന്നും ഇവർ വകവെക്കുന്നില്ല. അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാതെ, തനിച്ചാകുന്ന മാതാപിതാക്കൾക്ക് നൽകേണ്ട കരുതലിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കീർത്തി.
വൈറലായ വിവാഹ പോസ്റ്റ്
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു …”ഞങ്ങടെ അമ്മയുടെ കല്യാണം “. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം …പലതും ആവാം …!! പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി “ആവും എന്നത് തീർച്ച തന്നെ !!



അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെച്ചപ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് കീർത്തി പ്രതീക്ഷിച്ചിരുന്നേയില്ല. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്. . പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവർക്കൊരു പ്രചോദനമായി അവർക്കൊരു കൂട്ടു തേടാൻ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.
മക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അവരുടെ മാതാപിതാക്കള്‍. എന്നാല്‍ അവരില്‍ ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ എല്ലാം മറന്ന് അവര്‍ നമുക്കായി ജീവിക്കും. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി ജോലിയും ഒക്കെ ആകുമ്പോഴേക്കും സുരക്ഷിതമായ ഒരു കൈകളിലേക്ക് അവരെ ഏല്‍പ്പിക്കും. കുടുംബവും ജോലിയും തിരക്കുകളുമൊക്കെ ആകുമ്പോള്‍ വിചാരിക്കുന്ന സമയത്ത് അവരുടെ അടുത്തേക്ക് നമുക്ക് എത്താന്‍ കഴിഞ്ഞെന്ന് വരില്ല.
അമ്മയായാലും അച്ഛനായാലും അവര്‍ കഴിച്ചോ, തനിച്ചാണോ എന്ന ആശങ്കകളായിരിക്കും നമ്മുടെ മനസുനിറയെ. എന്നാല്‍ വാര്‍ദ്ധക്യ കാലത്ത് അവര്‍ക്കൊരു കൂട്ട് നല്‍കി കൂടെ എന്ന ചിന്ത പലരുടെയും മനസുകളിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്നാല്‍ ഈ പ്രായത്തില്‍ അവര്‍ വിവാഹിതരായില്‍ കുടുംബക്കാരും നാട്ടുകാരും എന്ത് വിചാരിക്കുമെന്നായിരിക്കും നമ്മുടെ ചിന്ത. എന്നാല്‍ അമ്മയ്‌ക്കൊരു തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഇവരെടുത്ത തീരുമാനം മികച്ചതാണ്. ഇവരെപോലെ ഒറ്റപ്പെട്ടുപോയ അച്ഛനോ അമ്മയ്‌ക്കോ കൂട്ടായി മറ്റൊരു പങ്കാളിയെ കണ്ടെത്തി നല്‍കിയവരും നമുക്കിടയിലുണ്ടാകാം.