കയറ്റിറക്ക് തർക്കത്തെ തുടർന്ന് ചക്കിട്ടപാറയിൽ പൈപ്പ് ഇറക്കുന്നത് തടസപ്പെട്ടു; ഒടുവിൽ പ്രശ്ന പരിഹാരം
പേരാമ്പ്ര: കയറ്റിറക്ക് തർക്കത്തെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്ത് നടപ്പാക്കുന്ന ജലജീവൻ കുടിവെള്ള വിതരണ പദ്ധതിക്കായി ലോറികളിൽ എത്തിച്ച പൈപ്പുകൾ ഇറക്കുന്നതിനു തടസം നേരിട്ടു. പൈപ്പ് ഇറക്കാൻ ഒരു ടണിന് 100 രൂപ തരാമെന്നാണ് കമ്പനി അധികൃതർ പറഞ്ഞത് എന്നാൽ അതിലും കൂടുതൽ വേണമെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.
ലോറിയിൽ നിന്നും പൈപ്പ് ഇറക്കുന്നത് ക്രെയിൻ ഉപയോഗിച്ചാണ്. ഇതിന് സഹായിക്കുകയാണ് തൊഴിലാളികൾ ചെയ്യുന്നത്. തുടർന്നു ലോറിക്കാരും തൊഴിലാളി യൂണിയൻകാരും പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിലിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നത്തിനു വൈകീട്ടോടെ തീരുമാനമായി. ഇതനുസരിച്ച് ടൺ ഒന്നിന് 175 രൂപ തൊഴിലാളികൾക്കു നൽകും.
സി.പി.എം നേതാക്കളായ എ. ജി. ഭാസ്കരൻ, ജോസഫ് പള്ളൂരുത്തി എന്നിവരും ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ഭാരവാഹികളും പങ്കെടുത്തു. ഇന്നു മുതൽ പൈപ്പിറക്കൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ഇതേ പദ്ധതിക്കു പെരുവണ്ണാമൂഴി ഭാഗത്തെത്തിച്ച പൈപ്പ് ഇറക്കുന്നതിലും ഇതേ കാരണത്താൽ തടസം നേരിട്ടിരുന്നു.