‘കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിച്ചു’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/12/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
നൈറ്റ് വാച്ചര്‍ നിയമനം
വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ്, പ്രായപരിധി – 42 വയസ്, ദിവസ വേതന നിരക്ക് – 675 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെട്ടിട വിഭാഗം കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
വനിതാ സംരംഭകത്വ വികസന പരിശീലനം
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റില്‍ 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് കോഴ്‌സ് നല്‍കുന്നത്. www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0484 2532890/9846099295/ 7012376994.
കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.
ഒമിക്രോൺ: ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ലോകത്ത് പല ഭാഗങ്ങളിലായി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ . ഉമ്മർ ഫാറൂഖ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി നാം പാലിച്ചു വരുന്ന ശീലങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ട സമയമാണിത്. മാസ്ക് വായയും മൂക്കും മറയും വിധം ശരിയായി ധരിക്കുക, ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം. കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വാക്സിനെടുത്ത് സുരക്ഷിതരാകണം. രണ്ടാം ഡോസെടുക്കാൻ സമയമായവർ കൃത്യമായ ഇടവേളയിൽ അതു കൂടി എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കണം. കോവിഷീൽഡ് വാക്സിനെടുത്ത് 84 ദിവസത്തിനു ശേഷവും കോവാക്സിൻ 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കാം. കോവി ഡ് പോസിറ്റീവായവർ രോഗം ഭേദമായി മൂന്ന് മാസത്തിനു ശേഷം വാക്സിനെടുക്കണം. ജില്ലയെ കോവിഡ് മുക്തമാക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് ഡി എം ഒ അഭ്യർത്ഥിച്ചു.
ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം
ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 15 മുതല്‍ 17 വരെയാണ് പരിശീലനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ക്ഷീരസംഘം സെക്രട്ടറിമാര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശീലനം തുടങ്ങുന്ന ദിവസം ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 0495 2414579.
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേണലിസം, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്, ഫിറ്റ്‌നെസ്സ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എഞ്ചിനീയറിംഗ്്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. പ്രോസ്്‌പെക്ടസ് www.srccc.in/www.src.kerala.gov.in വെബ്‌സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. 18 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
എന്‍.എസ്.ഡി.സി കോഴ്‌സുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുളള കോഴ്‌സുകളുടെ പട്ടിക www.srccc.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കോഴ്‌സുകള്‍ക്ക് എസ്ആര്‍സി -എന്‍സിഡിസി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033.
നന്മണ്ട ഉപതെരഞ്ഞെടുപ്പ്: റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ ഹാജരാകണം
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്ക് നിയമിതരായ റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ഡിസംബർ ആറിന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കണ്ടിജന്റ് വര്‍ക്കര്‍ നിയമനം
ജില്ലയിലെ നഗര പ്രദേശങ്ങളിലെ ഡെങ്കി, ചിക്കന്‍ഗുനിയ നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 90 ദിവസത്തേക്ക് കണ്ടിജന്റ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 45 വയസ്സ്. യോഗ്യത എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. യോഗ്യതയുളളവര്‍ രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ- മെയില്‍ സബ്ജെക്ടില്‍ തസ്തികയുടെ പേര് ചേര്‍ക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in
അവധി അനുവദിച്ചു
കോഴിക്കോട് ജില്ലയിലെ ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 നന്മണ്ട്), ജി.54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ), ജി. 39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് (15-വളളിയോത്ത്) നിയോജകമണ്ഡലങ്ങളിലേക്ക് ഡിസംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിതരണ – സ്വീകരണ – വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സ്ട്രോങ് റൂമും പോളിംഗ് സ്റ്റേഷനുമായി ഉപയോഗിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ ആറ്, ഏഴ് തീയതികളിലും, ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിതരണ – സ്വീകരണ – വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സ്ട്രോങ് റൂമുമായി ഉപയോഗിക്കുന്ന ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജിന് നാളെ (ഡിസംബര്‍ നാല്) മുതല്‍ എട്ട് വരെയുളള ദിവസങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി അനുവദിച്ച് ഉത്തരവിറക്കി.
അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍ നിയമനം
സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ബേപ്പൂര്‍ ക്ലസ്റ്ററിലേക്ക് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ കോഡിനേറ്ററെ നിയമിക്കുന്നു. സംസ്ഥാന കാര്‍ഷിക യൂണിവേഴ്സിറ്റിയില്‍ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നോ ബി.എഫ്.എസ്.സി.യോ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ, സുവോളജി/ഫിഷറീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിപരിചയവുമോ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴിക്കോട് താലൂക്ക് പരിധിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റാ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടക്കുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2383780.
കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിച്ചു
കോഴിക്കോട് ജില്ലയിലെ ഗാര്‍ഹിക, നിര്‍മ്മാണ മേഖലയിലെ നിലവിലുള്ള കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിച്ചു. നിലവിലുള്ള കയറ്റിറക്ക് കൂലിയില്‍ 15 ശതമാനം വര്‍ദ്ധനവ് വരുത്തി 2021 ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെ പ്രാബല്യം വരത്തക്ക രീതിയില്‍ 2021 നവംബര്‍ 30ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലാളി സംഘടനകള്‍, ബില്‍ഡേഴ്സ്, കോണ്‍ട്രാക്ടര്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ , സോമില്‍ ഉടമകള്‍, സിമന്റ് പ്രൊഡക്ട്സ് നിര്‍മ്മാതക്കള്‍ തുടങ്ങി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയും ചര്‍ച്ച നടത്തിയും പത്രമാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കിയും അന്വേഷണം നടത്തിയാണ് കൂലി പുതുക്കിയത്. വിശദവിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടാം. വിലാസം : ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് – 673020. ഫോണ്‍ : 0495-2370538. ഇ-മെയില്‍ – districtlabourofficekozhikode@gmail.com
സൈക്യാട്രിക് നഴ്സിംഗ് അപേക്ഷ തീയതി നീട്ടി
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ലേക്ക് നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. യോഗ്യത ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ബിരുദവും കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്ട്രഷനും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്നും നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍ : 9745156700.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം : ആശയരൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു
യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായ വിദ്യഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആശയരൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ”സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാര്‍ഥികളുടെ 30000 ആശയങ്ങള്‍” എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപ്പാക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചതിനോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ലെ ശാസ്ത്രജ്ഞന്‍ ഡോ.ദിനേശന്‍ വി പി ‘ ജല സംരക്ഷണ നിര്‍വഹണം ‘എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി. ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, റോഷന്‍ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈഐപി കോര്‍ഡിനേറ്റര്‍മാരായ സന്ദീപ്, നിതാഷ, ഡയറ്റ് എഡ്യൂക്കേറ്റര്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
‘രൂപാന്തരം’ ഏകാംഗ ചിത്രപ്രദര്‍ശനം 11 വരെ
കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന രാജേന്ദ്രന്‍ പുല്ലൂരിന്റെ ”രൂപാന്തരം” ഏകാംഗ ചിത്രപ്രദര്‍ശനം ഡിസംബര്‍ 11 വരെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 4) വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ (ഡി & ഇ) കലാകൃത്ത് സഗീര്‍ നിര്‍വ്വഹിക്കും.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജി നിന്നും ബിരുദം നേടിയ രാജേന്ദ്രന്‍ പുല്ലൂര്‍ നിരവധി ഏകാംഗ-സംഘ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ ആറിന് ഗ്യാലറി അവധിയായിരിക്കും.
സജിത്ത് കുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ
കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സജിത്ത് കുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 4) വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ (എ & ബി) എന്‍.എസ് മാധവന്‍ നിര്‍വ്വഹിക്കും.
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്ന വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ഇ-ശ്രം പോര്‍ട്ടലില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ജില്ല എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള വിവിധ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, ദുരിതാശ്വസ സഹായം തുടങ്ങിയവ യഥാസമയം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത വിവരം മലപ്പുറം മഞ്ചേരി പ്ലാന്റേഷന്‍ ഓഫീസില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2760204.
ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലയുടെ മാതൃക പദ്ധതിയായ എന്‍.സി.ഡി – ടി.ബി എച്ച്.ഐ.വി സംയോജിത പരിശോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ടി.ബി കേന്ദ്രത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഉമ്മര്‍ ഫാറൂഖ് നിര്‍വഹിച്ചു.
ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ് അധ്യക്ഷത വഹിച്ചു. ‘ടി.ബി. നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വപരമായ പങ്ക്’ എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം കണ്‍സള്‍ട്ടന്റ് ഡോ. പി.ആര്‍.ജയശ്രീ ക്ലാസ്സെടുത്തു. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ പുരോഗതിയെ കുറിച്ച് ജില്ലാ എയ്ഡ്സ് കണ്‍ ട്രോള്‍ അസിസ്റ്റന്റ് എന്‍.ടി പ്രിയേഷ് സംസാരിച്ചു.
‘അക്ഷയ കേരളം പദ്ധതിയുടെ ചരിത്രവും വര്‍ത്തമാനവും’എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് കെ.എ.സലാം സംസാരിച്ചു. എന്‍.സി.ഡി – ടിബി എച്ച്.ഐ.വി സംയോജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്ക് പള്‍മണോളജിസ്റ്റ് ഡോ. ജ്യോതി എസ്. രാമചന്ദ്രന്‍ നേതൃത്വം നല്‍കി. ജില്ലയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടിയുടെ അനുമതി
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഉള്‍പ്പടുത്തിയ പ്രവൃത്തിയാണിത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.
കോവിഡ് ആശുപത്രികളിൽ 1,929 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,929 എണ്ണം ഒഴിവുണ്ട്. 133 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 555 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 364 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 310 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 184 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.
സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതി
കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ ജര്‍മന്‍ സഹായത്തോടെ പുതിയ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതിയായി. ഇന്ത്യയില്‍ ആരംഭിക്കുന്ന രണ്ട് കേന്ദ്രങ്ങളിലൊന്ന് തുടങ്ങുന്നതിനുള്ള അംഗീകാരമാണ് സി.ഡബ്ല്യു.ആര്‍.ഡി.എംന് ലഭിച്ചിട്ടുള്ളത്.
പുതുതായി ആരംഭിച്ച ജല പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജലപൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ജല പൈതൃക മ്യൂസിയം. കേരളത്തിന്റെ പരമ്പരാഗത ജല സംരക്ഷണ പരിപാലന രീതികള്‍ ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടേയും മാതൃകകളിലൂടെയും പൊതുജനങ്ങള്‍ക്ക് ബോധ്യമാവുന്ന രീതിയിലാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ എക്സി. വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ ലിബിന രാജേഷ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍ പ്രൊഫ.കല്ല്യാണ്‍ ചക്രവര്‍ത്തി, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.എന്‍.എസ്.പ്രദീപ് എന്നിവര്‍ സംസാരിച്ചു. സി.ഡബ്ല്യു,ആര്‍.ഡി.എം എക്സി. ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ സ്വാഗതവും ട്രെയിനിംഗ് വിഭാഗം മേധാവി ഡോ. ജി.കെ അമ്പിളി നന്ദിയും പറഞ്ഞു.
“ഓപ്പറേഷൻ വിബ്രിയോ” – 12 ദിനങ്ങൾ: ഒന്നേമുക്കാൽ ലക്ഷം കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
കോഴിക്കോട് : ജില്ലയിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജലജന്യ രോഗങ്ങൾ നിയന്തിക്കുന്നതിനു വേണ്ടി നവംബർ 22 മുതൽ നടപ്പിലാക്കി വരുന്ന
” ഓപ്പറേഷൻ വിബ്രിയോ” പരിപാടിയുടെ ഭാഗമായി 12 ദിവസം കൊണ്ട് 179347 കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. പൊതുജനാരോഗ്യ പ്രവർത്തകരുടെ ടീമുകൾ വിവിധ ആരോഗ്യ ബ്ലോക്കുകളിലായി 279548 വീടുകളും 3629 സ്ഥാപനങ്ങളും സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. 33769 ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും 770 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. 119 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ഇന്ന് മാത്രം 10866 വീടുകൾ സന്ദർശിക്കുകയും 7860 കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു. ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന 105 സ്ഥാപനങ്ങൾ പരിശോധിക്കുകയും 3 എണ്ണത്തിന് നോട്ടീസ് നൽകുകയും ചെയ്തു.
28 ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. 1949 ലഘുലേഖകൾ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള പ്രചരണവും ഊർജ്ജിതമാക്കി. വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതാണെന്ന് ഡി.എം.ഒ. അറിയിച്ചു.
വ്യക്തിശുചിത്വം, ഭക്ഷ്യശുചിത്വം, പരിസര ശുചിത്വം എന്നിവ എല്ലാവരും പാലിച്ചെങ്കിൽ മാത്രമേ ഭക്ഷ്യവിഷബാധ പോലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ വരാതെ നോക്കാൻ കഴിയുകയുള്ളൂ എന്ന് ഡി എം ഒ അറിയിച്ചു. ഭക്ഷണം അടച്ചു വച്ചു ഉപയോഗിക്കുക , മാംസാഹാരം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക,പഴക്കം ചെന്നതും ഉപയോഗ ശൂന്യവുമായ ഭക്ഷണം കഴിക്കാതിരിക്കുക, കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങൾ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൈകകൾ വൃത്തിയായും ശുചിയായും എപ്പോഴും സൂക്ഷിക്കുക എന്നിവ ഭക്ഷ്യ വിഷബാധ തടയുന്നതിന് അത്യാവശ്യമായ ആരോഗ്യശീലങ്ങളാണ്. മാലിന്യങ്ങളുമായി സമ്പർക്കമുണ്ടായേക്കാവുന്ന ഏത് സാഹചര്യത്തിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കൂടാതെ ഭക്ഷണം കഴിക്കുന്നതിനുമുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഭിന്നശേഷി ദിനാചരണം- ‘പ്രഭാകിരണം’ മന്ത്രി ഉദ്ഘാടനം ചെയ്തു
ലോക ഭിന്നശേഷി ദിനത്തില്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമും ജില്ല സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടത്തുന്ന പ്രഭാകിരണം പരിപാടി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും സ്വകാര്യ സംഘടനകളും നടപ്പാക്കുന്ന പദ്ധതികള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സമൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമാവുന്ന വിധത്തില്‍ പുതു ചരിത്രം രചിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രഭാകിരണം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി കുട്ടികളുമായി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സംവദിക്കുകയും സ്‌നേഹ സമ്മാനം നല്‍കുകയും ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ 10 വരെയാണ് പദ്ധതി കാലയളവ്. കിടപ്പിലായവരും അല്ലാത്തവരുമായ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിയും ഗൃഹ സന്ദര്‍ശനം നടത്തിയുമാണ് സ്നേഹസംഭാഷണം നടത്തുക. സ്നേഹ സമ്മാനവും കൈമാറും. ശാരിരികവും മാനസികവും സാമൂഹ്യവുമായ പിന്തുണ ഉറപ്പ് വരുത്തി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി മാറുകയാണ് പ്രഭാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 144 എന്‍.എസ്.എസ് യൂണിറ്റുകളിലെ 144 പോഗ്രാം ഓഫീസര്‍മാരും 14,400 എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിപാടിയുടെ ഭാഗമാകും.
ആര്‍.കെ.മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.എല്‍.സി.സി. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ.ജയരാജ് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രമ്യാ സന്തോഷ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സജീഷ് നാരായണ്‍ കെ.എന്‍, ആര്‍.ഡി.ഡി ഇന്‍ചാര്‍ജ് അപര്‍ണ, ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രേമരാജന്‍ വി.വി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ ബി. മധു, ആര്‍.കെ. മിഷന്‍ മാനേജര്‍ സ്വാമി നരസിംഹാനന്ദജി, ആര്‍.കെ.മിഷന്‍ പ്രിന്‍സിപ്പല്‍ ബി. മനോജ്കുമാര്‍ ജി, പ്രധാനാധ്യാപകന്‍ മധു കെ.എ, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.വസീഫ്, യു.ആര്‍.സി. സൗത്ത് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷീബ വി.ടി തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ ഫൈസല്‍ എം.കെ. പദ്ധതി വിശദീകരണം നടത്തി.
ഭിന്നശേഷിക്കാരുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്താന്‍ പൊതു സമൂഹത്തിന് ബാധ്യതയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ഉണര്‍വ് -2021’ ഭിന്നശേഷി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതപ്പെട്ട വിഭാഗമാണ് ഭിന്നശേഷിക്കാര്‍ എന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അവരെ വളര്‍ത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം നിന്ന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്. പ്രത്യേക ശേഷിയുള്ളവരും വിധിയോട് പൊരുതി വിജയം സ്വന്തമാക്കുന്നവരുമാണ് ഇവര്‍. ഭിന്നശേഷിയെ വൈദ്യശാസ്ത്ര വിഷയമായി കണ്ടിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക വിഷയമായി കാണണം. സഹജീവികളെ ചേര്‍ത്തുനിര്‍ത്താന്‍ നമുക്കാവണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും സ്വകാര്യ സംഘടനകളും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. എല്ലാ പദ്ധതികളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പുതുചരിത്രം രചിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.
കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ വി.ചെല്‍സാസിനി മുഖ്യപ്രഭാഷണം നടത്തി. സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി ഭിന്നശേഷി ദിന സന്ദേശം വായിച്ചു. ‘ഭിന്നശേഷി അവകാശ നിയമങ്ങള്‍’ എന്ന സെമിനാറില്‍ എസ്ഐഡി സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റര്‍ എം.പി.മുജീബ് റഹ്മാന്‍ വിഷയം അവതരിപ്പിച്ചു. സേവനങ്ങള്‍ ഭിന്നശേഷിക്കാരിലേക്ക് സുഗമമായി എത്തിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ആവിഷ്‌കരിച്ച ‘അപക്ഷാ ഫോം ഒറ്റ ക്ലിക്കില്‍’ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രകാശനം കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍ നിര്‍വ്വഹിച്ചു. വിവിധ മത്സരപരിപാടികളില്‍ വിജയം കൈവരിച്ചവര്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ പി.സിക്കന്തര്‍, വിവിധ ഭിന്നഷേി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവ. ആശാഭവനിലെ താമസക്കാരും പുണ്യ ഭവനിലെ കുട്ടികളും നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. മിഠായ് തെരുവില്‍ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം കോഴിക്കോട് ജില്ലാ കളക്ടറും പൗരപ്രമുഖരും രാഷ്ട്രിയ സാമൂഹ്യ നേതാക്കന്‍മാരും പങ്കെടുത്ത ‘വാക്ക് വിത്ത് സെലിബ്രfറ്റീസ്’ പരിപാടിയും നടന്നു.