കനത്ത മഴയില്‍ പേരാമ്പ്രയില്‍ മതിലിടിഞ്ഞു വീണു; അപകടാവസ്ഥയിലായ മതിലിന്റെ ഉയരം കുറയ്ക്കണമെന്ന് നാട്ടുകാര്‍


പേരാമ്പ്ര: കനത്ത മഴയില്‍ കൈതക്കലില്‍ മതിലിടിഞ്ഞ് വീണു. സ്വകാര്യ വ്യക്തി നിര്‍മ്മിച്ച മതിലാണ് ഇടിഞ്ഞു വീണത്. സംഭവ സമയത്ത് ഇതുവഴി കടന്നു പോവുകയായിരുന്ന വഴിയാത്രക്കാര്‍ തലനാരിഴയ്്ക്കാണ് രക്ഷപ്പെട്ടത്. മഴ തുടര്‍ന്നാല്‍ മതിലിടിയാനുള്ള സാധ്യത നിലില്‍ക്കുന്നതിനാല്‍ മതിലിന്റെ ഉയരം കുറച്ച് അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈതക്കലില്‍ നിന്നും കാഞ്ഞിരോളിതാഴെ കീഴില്‍ റോഡ് വരെയുള്ള നടപ്പാതയുടെ ഒരു ഭാഗത്താണ് സ്വകാര്യ വ്യക്തി മതില്‍ നിര്‍മ്മിച്ചത്. 15 അടിയോളം ഉയരവും 40 മീറ്ററോളം നീളവുമുള്ള മതിലിന്റെ ഒരുഭാഗമാണ് കനത്ത മഴയില്‍ ഇടിഞ്ഞ് വീണത്. മതിലിന്റെ കല്ലുകള്‍ ഉള്‍പ്പെടെയുള്ളവ ഇപ്പോഴും അവിടെ നിന്ന് എടുത്തു മാറ്റിയിട്ടില്ല.

മതിലിന് പല സ്ഥലത്തും വിള്ളലുണ്ട്. കുട്ടികളുള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ മതില്‍ നിലനില്‍ക്കുന്നത്. മതിലിടിയാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഭയത്തോടെയാണ് ആളുകള്‍ ഇതുവഴി കടന്നു പോകുന്നത്. മതിലിന്റെ നിലവിലുള്ള ഉയരും കുറച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് രേഖ മൂലം ആവശ്യപ്പെട്ടു.