കനത്ത മഴയില്‍ പേരാമ്പ്ര മേഖലയിലും നാശനഷ്ടങ്ങള്‍; തുറയൂരില്‍ കിണര്‍ ഇടിഞ്ഞു, വേളത്ത് റോഡ് തകര്‍ന്നു


പേരാമ്പ്ര: കനത്ത മഴയില്‍ പേരാമ്പ്ര മേഖലയില്‍ പരക്കെ നാശനഷ്ടങ്ങള്‍. തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയിലുള്ള വീട്ടിലെ കിണര്‍ ഇടിഞ്ഞു. തിരിക്കോടും മുകളില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.

വീടിനടുത്തുള്ള മണ്‍തിട്ട തകര്‍ന്നാണ് കിണര്‍ ഇടിഞ്ഞത്. ഇവിടെ മരങ്ങള്‍ വീഴുകയും ചെയ്തു. പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

തുറയൂര്‍ കേളോത്ത് കണ്ടി ഹബീബിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കനത്ത മഴയിലും പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീട മണ്ണിടിഞ്ഞ് തകര്‍ന്ന. ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൊയോത്ത് ചാലില്‍ പ്രകാശന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് നിര്‍മ്മിത പട്ടിക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മി അമ്മയുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

വേളം പഞ്ചായത്തിലെ മണിമല ഒളൊടി റോഡിന്റെ കിഴക്കെ ഭാഗം ഇടിഞ്ഞു തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് റോഡിന്റെ കരിങ്കല്‍ ഭിത്തി തൊട്ടടുത്ത വീടിന്റെ മുന്നിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കരിങ്കല്‍ ഭിത്തിയുടെ ബാക്കി ഭാഗവും ഏത് നിമിഷവും തകരാമെന്ന നിലയിലാണ്.

നടുവണ്ണൂരിലെ മന്ദംകാവ് അനിലിന്റെ വീടിന് സമീപം മണ്ണിടിഞ്ഞ് വീഴുകയും മരങ്ങള്‍ വീട്ടിലേക്ക് ചരിയുകയും ചെയ്തു. പേരാമ്പ്ര അഗ്നിരക്ഷാ സേന എത്തിയാണ് മരങ്ങള്‍ മുറിച്ച് നീക്കിയത്.