കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനും തകര്‍ന്നു; ചെറുവണ്ണൂരില്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്


പേരാമ്പ്ര: ചെറുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകളും ലൈനും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. റോഡിനു കുറുകെയാണ് വീണത്. ഒരു കാറും ബൈക്കും അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര-വടകര റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

സി.പി.എം ദുരന്തനിവാരണ സേന ഉടന്‍ അപകട സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സേനാഗംങ്ങള്‍ റോഡില്‍ വീണ തെങ്ങ് മുറിച്ചു മാറ്റിയും, പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റുകളും, ലൈനുകളും റോഡില്‍ നിന്ന് നീക്കം ചെയ്തും ഗതാഗതം പുന:സ്ഥാപിച്ചു.

ദുരന്ത നിവാരണ സേന കണ്‍വീനര്‍ കെ.എം ദിജേഷ്, സേനാംഗങ്ങളായ ഉദേഷ്, എ.സി നാരായണന്‍, ശ്രീജിത്ത്, ഷിജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.പി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എന്‍.കെ.ദാസന്‍ ബ്രാഞ്ച് സെക്രട്ടറിമാരായ കെ.കെ.ജിനില്‍, അരുണ്‍ രാജ് എന്നിവര്‍ നേതൃത്വം നല്കി.