കനത്ത മഴ തുടരുന്നു; മലയോര മേഖലകളില്‍ രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചു


കോഴിക്കോട്: മധ്യ-കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നുള്ള കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മലയോര മേഖലകളിലെ രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചു. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് നിരോധനം.

എല്ലാ ജില്ലകള്‍ക്കും കൃത്യമായ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എന്‍.ഡി.ആര്‍.എഫ് ടീമുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അമിതമായ ഒരു ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാന്‍ സജ്ജമായ തരത്തില്‍ വിവിധങ്ങളായ വകുപ്പും ഏജന്‍സികളും തമ്മില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

അപകടസാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശവും വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.