കനത്ത മഴ; കക്കയം, പെരുവണ്ണാമൂഴി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ തുറന്നു


പേരാമ്പ്ര : കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽ മഴക്കാലം തുടങ്ങിയതുമുതൽ നാല് ഷട്ടറുകളും മൂന്നുമീറ്റർ തുറന്നിട്ടിരിക്കുകയാണ്. സെക്കൻഡിൽ 44.22 ഘന അടി വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ കുറ്റ്യാടി പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ഷട്ടർ തുറന്നിട്ടില്ല.

39 മീറ്ററാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 38.93 മീറ്ററാണ് വെള്ളമുണ്ടായിരുന്നത്. 42.7 മീറ്ററാണ് ഡാമിലെ പുനർനിശ്ചയിച്ച പരമാവധി ജലസംഭരണപരിധി.

ഡാം റിസർവോയറിൽ തിങ്കളാഴ്ച 62 ശതമാനം (73.976 ദശലക്ഷം ക്യുബിക് മീറ്റർ) വെള്ളമുണ്ട്. ഈ വർഷം ഓഗസ്‌റ്റിലാണ് പെരുവണ്ണാമൂഴി ഡാമിൽ കൂടിയ ജലനിരപ്പ് (39.97) രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിലെല്ലാം ഓഗസ്‌റ്റിലാണ് ഡാമിലെ ജലനിരപ്പ് 40 മീറ്റർ കടന്ന് ഏറ്റവും കൂടിയ അളവിലെത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ്‌ എട്ടിന് 40.06 മീറ്ററും 2019 ഓഗസ്റ്റ്‌ ഒമ്പതിന് 40.72 മീറ്ററും 2018 ഓഗസ്റ്റ്‌ 15-ന് 40.92 മീറ്ററും ജലനിരപ്പ് എത്തിയിരുന്നു.

കക്കയം ഡാമിൽ ഇത്തവണത്തെ മഴക്കാലത്ത് ഷട്ടർ തുറക്കേണ്ടിവന്നിട്ടില്ല. ഇപ്പോഴും ഷട്ടർ തുറക്കേണ്ട സാഹചര്യമില്ല. ജലവൈദ്യുതപദ്ധതിയിൽ പരമാവധി വൈദ്യുത ഉത്പാദനം നടക്കുന്നുമുണ്ട്. 750.30 മീറ്ററാണ് തിങ്കളാഴ്ച കക്കയം ഡാമിലെ ജലനിരപ്പ്. 758.04 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണനില. റിസർവോയറിൽ 54.7 ശതമാനം (20.80 ദശലക്ഷം ക്യുബിക് മീറ്റർ) വെള്ളമുണ്ട്. ഈ വർഷം ജൂലായിലാണ് ഡാമിൽ കൂടുതൽ ജലനിരപ്പ് രേഖപ്പെടുത്തിയത്.

ജലനിരപ്പ് 755 മീറ്ററിലധികം വന്നതിനാൽ കഴിഞ്ഞ വർഷം ഒന്നിലേറെത്തവണ ഡാം ഷട്ടർ തുറന്നിരുന്നു.