കഥ പറഞ്ഞ് തന്നവരുടെ നാട്ടിൽ, തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം ഉറപ്പുമായി ജമീല


പയ്യോളി: തിക്കോടിയന്റെയും, തൃക്കോട്ടൂർ കഥാകാരൻ യു.എ.ഖാദറിന്റെയും പാദസ്പർശമേറ്റ തിക്കോടി നാടിന്റെ കിഴക്കൻ മേഖലയായ പുറക്കാട്. മിച്ചഭൂമി സമരത്തിലൂടെ കരുത്താർജ്ജിച്ച നാട്, കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല തന്റ വെള്ളിയാഴ്ചത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് അത് ഈ സമരഭൂമിയിൽ നിന്നുമാണ്.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 50ആം നമ്പർ ബൂത്ത് കുടുംബ യോഗത്തിൽ പങ്കെടുത്ത് വോട്ടർമാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അവിടെനിന്നും 51ആം ബൂത്തിലെ തിരുക്കോട്ടു മീത്തൽ കോളനി സന്ദർശിച്ചു. തിക്കോടി പത്താം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്ന മഠത്തിക്കു നിഭാഗത്തേക്ക് നീങ്ങിയ സ്ഥാനാർത്ഥിയെഅമ്പതോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികൾ ആവേശകരമായി വരവേറ്റു.

വികസന തുടർച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമെന്ന് അവർ പറഞ്ഞു. പതിനാലാം വാർഡിലെ പാലോളികണ്ടിയിലും, വലിയവയൽ കുനിയിലും തൊഴിലുറപ്പ് കേന്ദ്രങ്ങൾ സ്ഥാനാർത്ഥി സന്ദർശിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അവിടെ നിന്നും സിപിഐഎം ബ്രാഞ്ച് അംഗമായിരുന്ന പരേതനായ കെ.വി.മണിയുടെ വീട് സന്ദർശിച്ചു. തുടർന്ന് പോവതുകണ്ടി പ്രദേശത്തെ തൊഴിലുറപ്പ് കേന്ദ്രം സന്ദർശിച്ചു.

അവിടെ നിന്നും പാലൂർ കണ്ണഞ്ചേരിയിലെ കടുകന്റവിട അയൂബിന്റെ വീട്ടിൽ ന്യൂനപക്ഷ വിഭാഗത്തിലെ അമ്പതോളം വരുന്ന സ്ത്രീകൾ ജമീലയെ കണ്ടു പിന്തുണ അറിയിക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു. അവരെ നേരിൽ കണ്ടു സ്നേഹാന്വേഷണങ്ങൾ നടത്തി അല്പനേരം ചെലവഴിച്ചു മടങ്ങിശേഷം നന്തി മേഖലയിലെ സഹകരണ ബാങ്ക്, എസ്.ബി.ഐ, വില്ലേജ് ഓഫീസ്, ഗ്രാമീണ ബാങ്ക്, അറബിക് കോളേജ്, കെൽട്രോൺ, തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചു. അവിടെനിന്നും സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൻ്റെ ഈറ്റില്ലമായ മൂടാടിയിലെ മുചുകുന്നിലേക്ക് യാത്രതിരിച്ചു.

കേരളഗാന്ധി കേളപ്പജിയുടെ സ്മരണകളുണർത്തുന്ന അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. തൊഴിലുറപ്പ് കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയവ സന്ദർശിച്ചു. മൂടാടിയിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് വനിതാ പ്രവർത്തകരെ അഭിവാദ്യം ചെയ്തുസംസാരിച്ചതോടെ വെള്ളളിയാഴ്ചത്തെ പര്യടനപരിപാടിക്ക് സമാപനമായി.

എൽഡിഎഫ് നേതാക്കളായ എം.പി.ഷിബു, കെ.ജീവാനന്ദൻ, സുരേഷ് ചങ്ങാടത്ത്, സി.കെ.ശ്രീകുമാർ, ടി.ഷീബ, എ.കെ.ഷൈജു, പി.കെ.ഷീജ, ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി, ഡി.ദീപ, കെ.വിജയരാഘവൻ, കെ.സത്യൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പ മുണ്ടായിരുന്നു.