കത്തിനശിച്ച വടകര താലൂക്ക് ഓഫീസില്‍ നിന്ന് പുരാവസ്തുക്കള്‍ കണ്ടെടുത്തു; പുതിയ താലൂക്ക് ഓഫീസിനൊപ്പം മ്യൂസിയവും നിര്‍മ്മിക്കും


വടകര: കത്തിനശിച്ച താലൂക്ക് ഓഫീസില്‍ നിന്ന് പുരാവസ്തുക്കള്‍ കണ്ടെടുത്തു. താലൂക്ക് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഇവ പ്രത്യേകമായി സൂക്ഷിക്കാനുള്ള ഇടം ഉണ്ടാക്കാന്‍ തീരുമാനമായി.

വടകര, കൊയിലാണ്ടി താലൂക്കുകള്‍ ചേര്‍ന്ന കുറുമ്പ്രനാട് താലൂക്ക് നിലനിന്നപ്പോഴുള്ളതും അതിനു വളരെ മുന്‍പുള്ളതുമായ പുരാവസ്തുക്കളാണ് കിട്ടിയത്. തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നിവരുടെ പേരുള്ള പിച്ചള മുദ്രകള്‍, പഴയകാല മഴമാപിനി, താളിയോല, അഗ്‌നിനിയന്ത്രണ യന്ത്രം, റാന്തല്‍, ചങ്ങലകള്‍ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ കിട്ടി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുണനിലവാരം നഷ്ടപ്പെടാത്ത സ്‌കെച്ച് വരയുന്ന പേനകള്‍ക്ക് പുറമേ മഷിയും പ്രത്യേക തരം കുപ്പിയില്‍ നിന്നു കിട്ടി. പഴയ മലയാളത്തില്‍ എഴുതിയ ജാതകം പോലുള്ള പനയോലകളുമുണ്ട്.

നേരത്തേ പുരാതന വാളുകളും സീലുകളും കണ്ടെടുത്തിരുന്നു. ഇവയെല്ലാം പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും. ഇതിനു ശേഷം മ്യൂസിയം സജ്ജമാക്കി സൂക്ഷിക്കാനാണ് തീരുമാനം. കത്തിയ താലൂക്ക് ഓഫീസിലെ ഫയലുകളും രേഖകളും നീക്കുന്ന ജോലി ഇന്നലെയും തുടര്‍ന്നു.

ഓഫീസ് മുറ്റം നിറയെ ഉണക്കാനിട്ട ഫയലുകളാണ്. പലതിലും നനവുള്ളതു കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനു മുന്‍പ് ഉണക്കുകയാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.