കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകളുടെ സൂചനാ പണിമുടക്ക്


കൊയിലാണ്ടി: കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സൂചനാപണിമുടക്ക്. തൃശ്ശൂർ കണ്ണൂർ ബസ് തൊഴിലാളി വാട്സ്ആപ് കുട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ വെച്ച് ബസ് തൊഴിലാളികളായ ഷബീറിനും, സിറാജിനും മർദ്ദനമേറ്റിരുന്നു. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ലെന എന്ന ബസിലെ ജീവനക്കാരാണ് ഇവർ. ഇവരുടെ ബസ് കൊയിലാണ്ടിയിൽ വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു. സംഭവം തർക്കത്തിലും അടിപിടിയിലുമാണ് കലാശിച്ചത്.

പരിക്കേറ്റ ഷബീറിനെയും, സിറാജിനെയും കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കാണാൻ എത്തിയ ബസ് തൊഴിലാളികൾക്കും മർദ്ദനമേറ്റതായി ഇവർ ആരോപിച്ചു.