കണ്ണൂര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചില്ല; ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡ് നവീകരണം നീളുന്നു


മേപ്പയ്യൂര്‍: തീരാദുരിതമായി മേപ്പയ്യൂര്‍ രണ്ടാംവാര്‍ഡിലെ ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡ്. നീരുറവയും വെള്ളക്കെട്ടും കാരണം മഴക്കാലത്ത് റോഡിലൂടെ നടക്കാന്‍ പോലുമാകില്ല. റോഡിന് മുകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നീര്‍പ്പാലം കാരണം റോഡ് നവീകരണം മുടങ്ങിയിട്ട് കാലമായി.

ജനകീയമുക്കില്‍നിന്ന് തുടങ്ങിയ ടാറിങ്പണി സ്‌കൂളിന് സമീപത്തെത്തി നിലച്ചിരിക്കുകയാണ്. ബാക്കിവരുന്ന കളരിക്കണ്ടിമുക്കുമായി ബന്ധിപ്പിക്കുന്ന ഏകദേശം 400 മീറ്റര്‍ ദൂരം റോഡ് നിറയെ പാറച്ചീളുകളും വെള്ളക്കെട്ടുമായി തുടരുകയാണ്. അതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.

വേനലില്‍ കനാല്‍വെള്ളവും കാലവര്‍ഷത്തില്‍ മഴവെള്ളവും റോഡില്‍ കെട്ടിക്കിടക്കും. വാഹനങ്ങള്‍വരാന്‍ മടിക്കുന്നതിനാല്‍ രോഗികളെയും മറ്റും അടിയന്തരഘട്ടത്തില്‍ കളരിക്കണ്ടിമുക്ക് വഴി ഏടുത്തുകൊണ്ടുപോയി വേണം ആശുപത്രിയിലെത്തിക്കാന്‍. ജനകീയമുക്കില്‍ നിന്ന് പേരാമ്പ്രയിലേക്കും തിരിച്ചും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാതയാണിത്. പാലച്ചുവട്, മുയിപ്പോത്ത്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലേക്കും വേഗത്തിലെത്താന്‍ ഈ റോഡ് ഉപകരിക്കും.

മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണപദ്ധതി പ്രകാരം 21 ലക്ഷം രൂപ ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡ് നവീകരണത്തിന് വകയിരുത്തിയിട്ടുണ്ട്. റോഡിന് കുറുകെ കുറ്റ്യാടി ഇറിഗേഷന്‍ കാനാലിന്റെ നീര്‍പ്പാലമുള്ളതിനാല്‍ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ അനുമതിവേണം.

കണ്ണൂര്‍ ഇറിഗേഷന്‍ വകുപ്പുമായി പഞ്ചായത്ത് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പറഞ്ഞു. അനുമതികിട്ടിയാല്‍ ഉടന്‍ ടെണ്ടര്‍ വിളിച്ച് റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി ജനകീയ മുക്ക് – കളരിക്കണ്ടിമുക്ക് റോഡിന് അനുവദിച്ച ഫണ്ടു ലഭിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ വരുകയാണെങ്ങില്‍ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡ് പ്രവൃത്തി തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായും പ്രസിഡന്റ് വ്യക്തമാക്കി.