കണ്ണൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ച് പതിനൊന്നുകാരി മരിക്കാനിടയായ സംഭവം; കുട്ടിയുടെ പിതാവും ഇമാമും അറസ്റ്റില്‍


കണ്ണൂർ: കണ്ണൂർ സിറ്റിയിൽ വിശ്വാസത്തിന്‍റെ മറവിൽ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ മന്ത്രവാദിയും കുട്ടിയുടെ പിതാവും അറസ്റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

കണ്ണൂര്‍ സിറ്റി നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റേയും സാബിറയുടേയും ഇളയമകളായ ഫാത്തിമയാണ് ചികിത്സ കിട്ടാതെ ഞായറാഴ്ച മരിച്ചത്.

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം.

സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ആദ്യ ഇര. രക്ത സമ്മര്‍ദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകന്‍ അഷ്റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നുവെന്ന് സഫിയയുടെ മകന്‍ ആരോപിച്ചിരുന്നു. കുറുവ സ്വദേശിയായ ഇഞ്ചിക്കല്‍ അന്‍വറിന്‍റെ മരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര.

ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികിൽസ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയിൽ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചികിൽസ നിഷേധത്തിന് പൊലീസ് കേസെടുത്തത്.