കണ്ണൂരിലെ കോളേജില്‍ റാഗിങ്; സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി ബോധരഹിതനായി


കണ്ണൂര്‍: റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്നാണ് പരിക്കേറ്റ അന്‍ഷാദ് പറയുന്നത്. എന്തിനാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നതെന്നായിരുന്നു സീനിയര്‍ വിദ്യാര്‍ഥികളുടെ ചോദ്യം. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചു.

വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. ശൗചാലയത്തില്‍ നിലത്തിട്ടും മര്‍ദിച്ചു. ഇതോടെ വിദ്യാര്‍ഥി ബോധരഹിതനാവുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും പോലീസും അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും അറിയിച്ചു.