കണ്ണീരില്‍ കുതിര്‍ന്ന് നാട്; അഭിജിത്തിന് മേപ്പയ്യൂരിന്റെ അന്ത്യാഞ്ജലി


മേപ്പയൂര്‍: അസമില്‍ ജീവനൊടുക്കിയ മേപ്പയൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന് നാടിന്റെ അന്ത്യയാത്രാമൊഴി. കനത്ത മഴയിലും അവസാനമായി കാണാനും അന്തിമോപചാരമര്‍പ്പിക്കാനും ഒട്ടേറെപ്പേര്‍ എത്തി.

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകീട്ട് ആറുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷം റോഡ് മാര്‍ഗം ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ട് അമ്മ ഗീതയും അച്ഛമ്മ പെണ്ണുട്ടിയും അഭിജിത്തിനെ കാണാനെത്തിയപ്പോള്‍ വീടുംപരിസരവും ശോകസാന്ദ്രമായി. 11 മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

ഒട്ടേറെ രാഷ്ട്രീയസാമൂഹിക സംഘടനകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, അംഗം പി.പി. അനീഷ്, ബ്ലോക്കംഗം എ.പി. രമ്യ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.