കണ്ണിന് കുളിര്‍മ നല്‍കുന്ന മനോഹാരിതയാണ് ശലഭങ്ങൾ; പക്ഷേ ഈ നിശാശലഭം അത്ഭുതമാണ്, കൊയിലാണ്ടി പുളിയഞ്ചേരിയിലെ കാഴ്ച കൗതുകമാകുന്നു


കൊയിലാണ്ടി: കാഴ്ചക്കാരില്‍ കൗതുകം പടര്‍ത്തി നയന വിരുന്നൊരുക്കുന്നവരാണ് നിശാശലഭങ്ങള്‍. പുളിയഞ്ചേരി നമ്പൂരി കണ്ടി സത്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ പറന്നിറങ്ങി അതിഥിയായെത്തിയ അറ്റ്‌ലസ് മോത്ത് എന്ന വിളിപ്പേരുള്ള നിശാശലഭം രൂപഭംഗി കൊണ്ട് അത്ഭുതം പകരുകയാണ്.

വലുപ്പമേറിയ ഈ ശലഭം ചിറക് വിരിക്കുമ്പോള്‍ പതിനഞ്ച് സെ.മീറ്ററില്‍ അധികം നീളമുണ്ട്. മുകള്‍ ഭാഗത്തെ ഇരുചിറകുകളുടെ അഗ്രഭാഗത്തിന് പാമ്പിന്റെ തലയുടെ രൂപസാദൃശ്യമുള്ള തിനാല്‍ ഇതിനെ നാഗശലഭം എന്നാണ് പൊതുവേ വിളിക്കുന്നത്. ചിറകിന്റെ ഭാഗങ്ങളില്‍ ത്രികോണാകൃതിയിലുള്ള അടയാളങ്ങളുമുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ഈ രൂപ സാദ്യശ്യം ഇവയെ സഹായിക്കുന്നു.രാത്രികാലത്തെത്തിയ ഈ വിരുന്നുകാരനെ കാണാന്‍ അയല്‍വാസികളെല്ലാമെത്തുന്നുണ്ട്.

നാഗശലഭങ്ങള്‍ക്ക് വലുപ്പമുണ്ടെങ്കിലും ആയുര്‍ദൈര്‍ഘ്യം കുറവാണ്. ലാര്‍വ ഘട്ടത്തില്‍ മാത്രമാണ് ഇവയ്ക്ക് ആഹാരം കഴിക്കാനാവുക. ഇലകളാണ് പ്രധാന ആഹാരം. ലാര്‍വ രൂപത്തിലുള്ള സമയത്ത് ശരീരത്തില്‍ ശേഖരിച്ച ഭക്ഷണമുപയോഗിച്ചാണ് പൊതുവേ ആയുസ്സ് പൂര്‍ത്തിയാക്കുന്നത്. വനപ്രദേശങ്ങളിലാണ് സാധാരണ കാണുന്നതെങ്കിലും ചിലപ്പോഴൊക്കെ നാട്ടിലും കാണപ്പെടുന്നു.