കട്ടെടുത്ത മുതലുകള്‍ തിരിച്ചേല്‍പ്പിച്ച് മാപ്പുപറഞ്ഞ യുവാവ് അറസ്റ്റില്‍; അറസ്റ്റിലായത് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍


കണ്ണൂര്‍: മോഷ്ടിച്ച മുതലുകള്‍ തിരിച്ചുനല്‍കി മാപ്പു പറഞ്ഞ യുവാവിനെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. മുല്ലക്കൊടി അരിമ്പ്രയിലെ മുര്‍ഷിദ് (35)നെയാണ് അറസ്റ്റു ചെയ്തത്.

പരിയാരം ഗ്രാമപ്പഞ്ചായത്തംഗം അഷ്‌റഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതിനോടൊപ്പം മാപ്പപേക്ഷ നല്‍കുകയുമായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു സംഭവം.

ഡിസംബര്‍ മൂന്ന് മൂര്‍ഷിദിനെ മണല്‍ക്കടത്ത് കേസില്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് പരിയാരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്നിരുന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിന് ഒരു മോഷണശ്രമത്തിനിടെ സി.സി.ടി.വിയില്‍ കുടുങ്ങിയിരുന്നു. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് ഇയാളെ സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

അറസ്റ്റിലായ മൂര്‍ഷിദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.