കടു, കൈച്ചിൽ, കൂരാൻ, പരൽ; കനത്തമഴ കൊയിലാണ്ടിയിലെ വയലുകളിൽ ചാകരയൊരുക്കി, ദുരിതപ്പെയ്ത്തിനിടെ ഇത്തിരി ആഹ്ലാദം
കൊയിലാണ്ടി: മഴക്കെടുതിയാണ്, ലോക്ക് ഡൗൺ കാലമാണ് എങ്കിലും പഴയ നാട്ടോർമ്മകളെ വീണ്ടെടുക്കാൻ കിട്ടിയ അവസരം പാഴാക്കാതെ ഉപയോഗിച്ചവരുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തകർത്താടിയ മഴ വ്യാപക നാശനഷ്ടങ്ങളാണ് മിക്കയിടങ്ങളിലും വരുത്തി വെച്ചത്. കനത്ത മഴ പെയ്തതോടെ വയലും തോടുകളും നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ തുടങ്ങി.
ഇതോടെ നാട്ടിൻ പുറങ്ങളിലെ വയലോരത്തും ഇട തോടുകളിലുമായി വയൽ മീനുകളുടെ ചാകരയാണ് അരിക്കുളം, ചെങ്ങോട്ടുകാവ്, കീഴരിയൂർ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. കൂരാൻ, പരൽ, വരാൽ, മുശു, കടു എന്നിവ ഇളകി മറിഞ്ഞ് സാന്നിധ്യമറിയിച്ചതോടെ കൂട്ടം കൂടാതെ തോട്ടുവക്കിലും വയലൊഴുക്കിലും വല വെച്ചും ചൂണ്ടയിട്ടും പ്രദേശത്തെ ആളുകൾ മീൻപിടുത്തം നടത്തി.
ദുരിത കാലത്ത് വെള്ളം പൊങ്ങിയതും വാഴ നശിച്ചതും മരങ്ങൾ കടപുഴകിയതതുമെല്ലാം നഷ്ടങ്ങളുടെ കണക്ക് നിരത്തുമ്പോഴും വീണു കിട്ടിയ നിമിഷങ്ങളിൽ തങ്ങളുടേതായ സന്തോഷം പൊലിപ്പിച്ചെടുക്കുകയാണിവർ, മാരിയിലും മഹാമാരിയിലും തളരാതെ.