കടിയങ്ങാട് ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടു പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: കടിയങ്ങാടുണ്ടായ വാഹനാപകടത്തില്‍ മുയിപ്പോത്ത് സ്വദേശിനിക്ക് ദാരുണാന്ത്യം. ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മുയിപ്പോത്ത് അമ്പലപ്പറമ്പില്‍ കദീജ (58) മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് അപകടം നടന്നത്.

ശ്വാസ മുട്ടലിനെ തുടര്‍ന്ന് കദീജയെ പുലര്‍ച്ചെ കോഴിക്കോടെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം നടന്നത്. കുറ്റ്യാടി ഉള്ള്യേരി സംസ്ഥാന പാതയില്‍ കടിയങ്ങാട് പോസ്റ്റോഫീസിന് മുന്നിലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് മീനും കയറ്റി വന്ന ഗുഡ്സ് ഓട്ടോയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ രണ്ടും തകര്‍ന്നു.

അപകടത്തില്‍ പരിക്കേറ്റ കദീജയെയും ഭര്‍ത്താവ് അമ്മദിനെയും ഡ്രൈവര്‍ നിഷാദിനെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയല്‍ എത്തിച്ചെങ്കിലും കദീജയുടെ ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ദ ചികിത്സയ്ക്കായി കദീജയുടെ ഭര്‍ത്താവ് അമ്മദിനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.