കടലുണ്ടിയില്‍ രണ്ടുവയസുകാരന്റെ മാല കവര്‍ന്നതായി പരാതി


കടലുണ്ടി : ചാലിയത്ത് രാത്രി വീട്ടില്‍ കയറി മോഷണം നടത്തിയതായി പരാതി. ഉറങ്ങുകയായിരുന്ന 2 വയസ്സുകാരന്റെ 2.5 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. പറവഞ്ചേരിപ്പാടം ശാലിയാത്തി മഖാമിനു സമീപം ചുങ്കത്ത് അബ്ദുല്‍ വഹാബിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്.

കള്ളന്‍ കുട്ടിയുടെ ദേഹത്തുണ്ടായ ആഭരണങ്ങളാണ് പൊട്ടിച്ചെടുത്തത്.

പുലര്‍ച്ചെ 1.30നു എഴുന്നേറ്റ വഹാബിന്റെ ഭാര്യ ജംഷീന മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. സംശയം തോന്നി കുട്ടികളുടെ ദേഹത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതു കണ്ടത്. ഉടന്‍ ഫറോക്ക് പൊലീസില്‍ അറിയിച്ചു.

സമീപവീട്ടിലെ കോണി ഇവരുടെ മുറ്റത്ത് കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി