കടലില്‍ വീണ് നിമിഷങ്ങള്‍ക്കകം രക്ഷിക്കാനായെങ്കിലും മരണത്തിന് ഇടയാക്കിയത് ശ്വാസകോശത്തില്‍ മണല്‍കയറിയത്; സനോമിയയ്ക്ക് നാടിന്റെ യാത്രാമൊഴി
കൗതുകമായിരുന്നു സനോമിയയ്ക്ക് കടല്‍. കൊളാവിപ്പാലം ബീച്ചില്‍ മനോഹരമായ ആ സായാഹ്നം ചിലവഴിക്കാനുള്ള ആ യാത്ര, അതും അനുജന്റെ പിറന്നാള്‍ ദിനത്തിലെ, അവളെ ഏറെ ആനന്ദിപ്പിച്ചിരുന്നു. പക്ഷേ മനോഹരമായ ആ തിരമാലകള്‍ തന്നെ പ്രിയപ്പെട്ടവരില്‍ നിന്നും എന്നെന്നേക്കുമായി കൊണ്ടുപോകാനാണ് വരുന്നതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.
അമ്മയ്‌ക്കൊപ്പം കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കവെ തെന്നിവീണ സനോമിയ തിരമാലയില്‍പ്പെട്ടുപോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കക്കവാരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ കടലില്‍ ഇറങ്ങി സനോമിയയെ രക്ഷിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അവിടെ മതിയായ സൗകര്യമില്ലെങ്കിലും ഉടനെ സൗകര്യമുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിച്ചു.
തിരയില്‍പെട്ടതും ആശുപത്രിയിലെത്തിച്ചതുമൊക്കെ അറിഞ്ഞപ്പോള്‍ അവള്‍ക്ക് ഒന്നും സംഭവിക്കില്ല, പെട്ടെന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞല്ലോയെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. രാത്രി ഒമ്പതുമണിയ്ക്ക് മരണവിവരം അറിയുന്നതുവരെ. ശ്വാസകോശത്തില്‍ വെള്ളവും മണലും കയറിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് മൈത്രയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പ്രദേശവാസികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് സനോമിയയുടെ മൃതദേഹം മണിയൂര്‍ കുറന്തോടിയിലെ വീട്ടിലെത്തിച്ചത്. നാടിനെ നൊമ്പരമായ മാറിയ സനോമിയയെ അവസാനമായി ഒരു നോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരും നേരത്തെ തന്നെ എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് പലരും മടങ്ങിയത്.
സ്‌കൂളിലെ പരിപാടികള്‍ക്കും സോഷ്യല്‍ മീഡിയയിലും ആടുകയും പാടുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സനോമിയയായിരുന്നു അതുവരെ നാട്ടുകാരുടെയെല്ലാം മനസില്‍. പഠിക്കാനും മിടുക്കുകയായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു.
ഡ്രൈവറായ കുഴിച്ചാലില്‍ റിജുവിന്റെയും സജ്‌നയുടെയും മകളാണ് സനോമിയ. കുറുന്തോടി യു.പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.