കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു; മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ കോൺഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു
കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പ്രദേശത്തെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇന്നലെ രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരിഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്. കൊടിമരത്തിലെ കരി ഓയില്‍ നീക്കി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്.
മുത്താമ്പിയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ കാണാം: