കഞ്ചാവ് പരിശോധനയ്ക്കായി കാട്ടില്‍ പോയ തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് വഴിതെറ്റി കാട്ടില്‍പെട്ടു: 14 അംഗ സംഘത്തെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുന്നു
പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തില്‍ കഞ്ചാവ് പരിശോധനയ്ക്കായി പോയ സംഘം വഴിതെറ്റി കാട്ടിലകപ്പെട്ടു. തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളുള്‍പ്പെടെ 14 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്.
നാര്‍ക്കോട്ടിക്ക് സെല്ല് ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസ്, മലമ്പുഴ സി.ഐ സുനില്‍ കൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുള്‍പ്പെടുന്നു. വാളയാര്‍ വനമേഖലയില്‍ എട്ടുകിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഘം കാട്ടില്‍ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസും ആദിവാസികളും ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ന് രണ്ട് സംഘാംഗങ്ങളായി തിരിഞ്ഞ് പരിശോധന നടത്തും. പുലര്‍ച്ചെ ആറുമണിയോടെ വാളയാര്‍ ചാവടിപ്പാറയില്‍ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്തുനിന്നും മറ്റൊരു സംഘവുമാണ് പരിശോധന നടത്തുക.
കാട്ടില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.