കക്കയത്ത് ലഭിച്ചത് കനത്ത മഴ; ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു


കൂരാച്ചുണ്ട്: കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഡാം വൃഷ്ടിപ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഡാമിലെ വെള്ളത്തിന്റെ അളവ് 750 മീറ്ററിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു.

758.04 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. രാത്രിയില്‍ വെള്ളത്തിന്റെ അളവ് 750.15 മീറ്ററായി വര്‍ധിച്ചിരുന്നു. ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകീട്ട് അഞ്ച് മണി മുതല്‍ മൂന്ന് മണിക്കൂര്‍ 227 എം.എം മഴയാണ് ലഭിച്ചത്. രാത്രിയിലും പ്രദേശത്ത് കനത്ത മഴയായിരുന്നു. എന്നാല്‍ പ്രദേശത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ട്.

മഴയെ തുടര്‍ന്ന് കക്കയം ജലവൈദ്യുത പദ്ധതിയില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ ആയി. ആറ് മെഷീനുകളില്‍ 225 മെഗാവാട്ട് വൈദ്യുതിയാണ് ദിവസേന ഉല്‍പാദിപ്പിക്കുന്നത്.