‘അതൊരു കടുവയാണല്ലോ?’; കക്കയത്തെ കെ.എസ്.ഇ.ബിയുടെ വാല്‍വ് ഹൗസിന് സമീപം കടുവയെ കണ്ടതായി ജീവനക്കാര്‍


കൂരാച്ചുണ്ട്: കക്കയത്ത് കടുവയെ കണ്ടെന്ന് ജീവനക്കാര്‍. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള വാല്‍വ് ഹൗസിന്റെ ഗേറ്റിന് സമീപത്ത് കടുവയെ കണ്ടതായാണ് വാല്‍വ് ഹൗസ് ജീവനക്കാര്‍ ജീവനക്കാര്‍ അറിയിച്ചത്. വളരെ ദൂരത്തുനിന്നുള്ള ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്.

കക്കയം ടൗണില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഈ വാല്‍വ് ഹൗസ്. മുമ്പും ഇവിടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടുവയെ കണ്ടതോടെ ജീവനക്കാര്‍ ഭയത്തിലാണ്. വനം വകുപ്പ് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ ക്യാമറകള്‍ വെച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.

കടുവയുടെ സാനിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കടുവയെ കണ്ടെന്നു പറയുന്ന സ്ഥലത്തേക്ക് വന വകുപ്പ് ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്. ജീവനക്കാര്‍ കണ്ടത് കടുവ തന്നെയാണോ എന്ന് പറയാന്‍ സാധിക്കില്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കടുവ മനുഷ്യരെ കണ്ടാല്‍ പെട്ടന്ന് ഓടി മറയുമെന്നും അദ്ദേഹം പറഞ്ഞു.