കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു


ബാലുശേരി: കക്കയം കരിയാത്തും പാറയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശിയായ മുഹമ്മദ് അബുള്ള ബാവ എന്ന കൗമാരക്കാരനാണ് മരിച്ചത്. ബാവ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ഥലത്തുണ്ടായിരുന്ന അമീൻ റസ്ക്യു ടീം കുട്ടിയെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ കരിയാത്തുംപാറയിലും തോണിക്കടവ് റിസര്‍വോയര്‍ തീരത്തും നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഇന്നുണ്ടായ അപകട മരണത്തോടെ കരിയാത്തന്‍ പാറ വീണ്ടും മരണക്കയമായി. കഴിഞ്ഞ വർഷം മൂന്നു പേരാണ് ഇവിടെ മുങ്ങി മരിച്ചത്.

നീന്തിക്കുളിക്കാന്‍ കുടുംബസമേതമാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. പാറക്കടവില്‍ വെള്ളം കുറവായതാണ് സന്ദര്‍ശകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കരിയാത്തന്‍ പാറയില്‍ റിസര്‍വോയറിന് നടുക്കുള്ള പാറക്കടവ് മണല്‍ക്കയം ഭാഗത്താണ് വിനോദസഞ്ചാരികള്‍ ഏറെയും കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഒന്നരയാള്‍ വെള്ളം മാത്രമുള്ള ഇവിടെ അപകടമരണം തുടര്‍ക്കഥയാകുകയാണ്.

ഒറ്റ നോട്ടത്തില്‍ അപകട സാധ്യത തീരെയില്ലെന്ന് തോന്നുമെങ്കിലും പലപ്പോഴും സഞ്ചാരികള്‍ കൂട്ടത്തോടെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിടയാകുന്നത്. 2018-19 വര്‍ഷത്തില്‍ ഇവിടെ ഒമ്പതോളം പേരാണ് മുങ്ങിമരിച്ചത്. കൂരാച്ചുണ്ട് പഞ്ചായത്ത് പാറക്കടവ് ഭാഗത്ത് കമ്പിവേലിയും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വരുന്ന സന്ദര്‍ശകര്‍ക്ക് ഒരു നിയന്ത്രണവുമുണ്ടാകാറില്ല.

നഗര പ്രദേശങ്ങളില്‍നിന്നും വരുന്ന നീന്തലറിയാത്ത സഞ്ചാരികളാണ് ഏറെയും ഇവിടെ അപകടത്തില്‍ പെടുന്നത്. കരിയാത്തന്‍ പാറയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കു കൃത്യമായ വിവരം ലഭിക്കാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക