ഓളപ്പരപ്പില്‍ വിസ്മയ പ്രകടനവുമായി ആറുവയസ്സുകാരന്‍


കണ്ണൂര്‍: ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റിയ വിരുതുമായാണ് ആറു വയസ്സുകാരന്‍ ഡാരിസ് കര തൊട്ടത്. ഒപ്പം പ്രായം തളര്‍ത്താത്ത ഉള്‍ കരുത്തുമായി അറുപതു വയസ്സുകാരന്‍ വിജയനും. നീന്തല്‍ പഠിച്ച് കാവല്‍ മാലാഖമാരാവുക എന്ന സന്ദേശം എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പയ്യാമ്പലം കടലില്‍ ഇവര്‍ നീന്തല്‍ പ്രകടനം കാഴ്ചവെച്ചത്.

ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് ആറുവയസ്സുകാരന്‍ ഡാരിസ് പ്രഭു കാഴ്ചവെച്ചത്. കടലില്‍ നിന്നും കരയിലേക്കുള്ള ജെല്ലി ഫിഷ് കൂട്ടത്തിന്റെ സഞ്ചാരപാത വെട്ടിച്ച് നീന്തിയണ് ഡാരിസ് ലക്ഷ്യ സ്ഥാനം തൊട്ടത്. ചാള്‍സണ്‍ സ്വിമ്മിംഗ് അക്കാദമിയുടെ അമരക്കാരനായ ചാള്‍സണ്‍ ഏഴിമലയുടെ ശിക്ഷണത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നുമാണ് ഡാരിസ് പ്രഭു പയ്യാമ്പലം കടലില്‍ കിലോമീറ്ററുകളോളം നീന്തിയത്. ഇവിടെ നീന്തുന്നതിന് മുമ്പ് പെരുമ്പട പുഴയിലും, കവ്വായി കായലിലും ഡാരിസ് നീന്തല്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.

കടലിലേക്ക് ബോട്ടിലാണ് ഇരുവരും പോയത്. നിന്തല്‍ പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ആറ് നീന്തല്‍ വിദഗ്ധരും ലൈഫ്ഗാര്‍ഡുഖും ഒപ്പമുണ്ടായിരുന്നു. തിരിച്ച് കരയിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ഒരുമണിക്കുര്‍ പത്തുമിനിട്ടു കൊണ്ടാണ് ഡാരിസ് പൂര്‍ത്തിയാക്കിയത്.

നീന്തല്‍ പഠിക്കുന്നതിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും പ്രായത്തിന്റെ പരിമിതികള്‍ ഇല്ലെന്ന് ബോധ്യപ്പെടുത്താനാണ് 60 വയസ്സുള്ള കതിരുരിലെ ഇ വിജയനും നീന്തിയത്. ലൈഫ് ഗാര്‍ഡുകളും കോസ്റ്റല്‍ പോലീസും ഒരുക്കിയ സുരക്ഷ വലയത്തിലായിരുന്നു നീന്തല്‍ പ്രകടനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കരയില്‍ നിന്നും നാല് കിലോമീറ്ററകലെ പുറങ്കടലില്‍ ഫ്ലാഗോഫ് ചെയ്തതേടെയാണ് കടല്‍പരപ്പിലെ പ്രകടനം ആരംഭിച്ചത്. 8.10ന് പയ്യാമ്പലം ബീച്ചിലെ പ്രകടനം അവസാനിച്ചപ്പോള്‍ കണ്ണൂര്‍ മേയര്‍ ടി ഒ മോഹന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍, സാഹസിക അക്കാദമിക സ്‌പെഷല്‍ ഓഫീസര്‍ പി പ്രണിത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ സ്വീകരിച്ചത്.

കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കള്‍ ഓഫീസറുമായ ലഫ്റ്റനന്റ് കമാന്‍ഡന്റ് ബിനേഷ് പ്രഭുവിന്റെയും ചിത്രയുടെയും മകനാണ് ഡാരിസ്. എഴിമല നേവല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് ഡാരിസ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക