ഓപ്പറേഷൻ വിബ്രിയോ: തുറയൂർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു; സൂപ്പർ ക്ളോറിനഷൻ ഉദ്ഘാടനം ചെയ്തു
തുറയൂർ: ഭക്ഷ്യ വിഷബാധയും വയറിളക്ക രോഗങ്ങളും തടയുന്നതിനായി തുറയൂർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുറയൂർ പഞ്ചായത്തിന്റെയും പി.എച്ച്.സിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും അണുവിമുക്തമാക്കാൻ നടപടി തുടങ്ങി. ജില്ലാതലത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ വിബ്രിയോയുടെ ഭാഗമായാണ് ഇത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്താനും കിണറുകൾ സൂപ്പർ ക്ളോറിനഷൻ നടത്താനും തീരുമാനിച്ചു. വിവാഹം അടക്കമുള്ള ആഹാരം വിളമ്പുന്ന ചടങ്ങുകൾ ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കണം. കിണറുകൾ സൂപ്പർ ക്ളോറിനേഷൻ നടത്തുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇരിങ്ങത്ത് യു.പി സ്കൂളിൽ തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് നിർവഹിച്ചു.
പഞ്ചായയത്തിലെ എല്ലാ കിണറുകളിലും സൂപ്പർ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാര വസ്തുക്കളുടെ ശുചിത്വം ഉറപ്പു വരുത്തുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഭക്ഷണം, വെള്ളം വിതരണം ചെയ്യുമ്പോൾ ശുചിത്വവും അതീവ ശ്രദ്ധയും പുലർത്തുക തുടങ്ങിയ പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നതിലൂടെ പഞ്ചായത്തിൽ ഭക്ഷ്യ വിഷ ബാധ പോലെയുള്ള സാഹചര്യങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു.